കെഎസ്ആര്‍ടിസി പണിമുടക്ക്; ജില്ലയിലും യാത്രക്കാരെ വലച്ചുകൊല്ലം/പുനലൂര്‍: ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റം വരുത്തിയ മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിലും യാത്രക്കാരെ വലച്ചു. ജില്ലയിലെ പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങി. കൊല്ലം ഡിപ്പോയിലെ കഴിഞ്ഞ രണ്ടുദിവസങ്ങളിലും സ്റ്റേ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍  111 സര്‍വ്വീസ് നടത്തേണ്ടിയിരുന്ന സ്ഥാനത്ത് 58 സര്‍വീസ് മാത്രമാണ് നടത്തിയത്. ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും സമാന്തര സര്‍വ്വീസുകളും ലോക്കല്‍ സര്‍വ്വീസുകളും പലതും വെട്ടിചുരുക്കിയത് യാത്രക്കാരെ വലച്ചു. കിഴക്കന്‍ മേഖലയിലാണ് പണിമുടക്ക് എറെ ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങലില്‍ പുനലൂരില്‍ നിന്നും ഓപറേറ്റ് ചെയ്തത് രണ്ട്  സര്‍വീസുകള്‍ മാത്രമാണ്. കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ആര്യങ്കാവ്, തെന്മല പഞ്ചായത്തിലെ ജനങ്ങളാണ് വലഞ്ഞത്. സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ്,ഫാസ്റ്റ് ,ഓര്‍ഡിനറി സര്‍വീസുകളടക്കം 72 സര്‍വീസുകളാണ് പുനലൂര്‍ ഡിപ്പോയില്‍ നിന്നും  ഉള്ളത്. ഇതില്‍  തെങ്കാശിയിലേക്കും, കായംകുളത്തേക്കുള്ള  ഓരോ സര്‍വീസുകള്‍ മാത്രമാണ്  നടത്തിയത് .തെന്മല ,ഇടമണ്‍ റൂട്ടുകളില്‍ സമാന്തര സര്‍വീസുകള്‍ അല്‍പം ആശ്വാസമായെങ്കിലും അച്ചന്‍കോവില്‍, ആര്യങ്കാവ്, റോസ്മല, ആനപെട്ട കോങ്കല്‍, അമ്പനാട്, ചെമ്പനരുവി ,ചാലിയക്കര, മാമ്പഴത്തറ മലയോര ഉള്‍മേഖലയിലെ ജനങ്ങള്‍ക്ക് പുറം ലോകത്തേക്കോ തിരികയോ എത്താനായില്ല.47 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയിരുന്ന പത്തനാപുരം ഡിപ്പോയില്‍ ഇന്നലെ പ്രവര്‍ത്തിച്ചത് നാല് എണ്ണം മാത്രമാണ്. ഇതോടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പൂര്‍ണമായും ഗതാഗതം നിലച്ചു. ഗ്രാമീണമേഖലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പോലും പ്രവര്‍ത്തിച്ചില്ല.രണ്ട് തിരുവനന്തപുരവും രണ്ട് ജന്റം സര്‍വീസും മാത്രമാണ് നിരത്തിലിറങ്ങിയത്.പുനലൂര്‍, കൊട്ടാരക്കര, പത്തനംതിട്ട, അടൂര്‍ സ്റ്റാന്‍ഡുകളില്‍ നിന്നും ചുരുക്കം ബസുകള്‍ മാത്രമാണ് വന്നു പോയത്. പത്തനാപുരത്തിന്റെ ഗ്രാമീണമേഖലകളിലേക്ക് സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ഇതോടെ ജോലിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നഗരത്തില്‍ എത്തേണ്ടവരും വലഞ്ഞു. ബസുകള്‍ ഇല്ലാത്തതിനാല്‍ ടൗണിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഹാജര്‍ നിലയും കുറവായിരുന്നു. കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയ സ്‌റ്റേ ബസുകള്‍ രാവിലെ ഡിപ്പോയില്‍ എത്തിയ ശേഷം നിര്‍ത്തിവച്ചു. പുന്നല, പൂങ്കുളഞ്ഞി, മാങ്കോട്, കുമരംകുടി, പട്ടാഴി, പാടം, കാര്യറ, കമുകുംചേരി എന്നിവിടങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചു. രാവിലെ ഡിപ്പോയില്‍ കണ്ടക്ടര്‍മാരും ഡ്രൈവറുമാരും എത്തിയിരുന്നു. മെക്കാനിക്കല്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരായി ആറ് പേര്‍ ഉണ്ടെങ്കിലും അവരെ കൊണ്ട് വാഹനങ്ങള്‍ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞില്ല.

RELATED STORIES

Share it
Top