കെഎസ്ആര്‍ടിസി ഡിപ്പോ പ്രവര്‍ത്തനം താറുമാറായി

തിരുവനന്തപുരം: കുടിശ്ശിക പണം നല്‍കാത്തതിനാല്‍ സ്വകാര്യ കമ്പനി സേവനം അവസാനിപ്പിച്ചതോടെ കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീനുകള്‍ തകരാറിലായി. ഏഴു ഡിപ്പോകളിലെ മെഷീനുകളാണ് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലച്ചത്.
തിരുവനന്തപുരം സെന്‍ട്ര ല്‍, തിരുവനന്തപുരം സിറ്റി, ആറ്റിങ്ങല്‍, കൊട്ടാരക്കര, ചെങ്ങന്നൂ ര്‍, കോട്ടയം, എറണാകുളം എന്നീ ഡിപ്പോകളുടെ പ്രവര്‍ത്തനം ഇതോടെ തകരാറിലായി. ദീര്‍ഘദൂര സര്‍വീസുകളിലടക്കം പഴയ ടിക്കറ്റ് റാക്കുമായാണ് ഇവിടങ്ങളിലെ കണ്ടക്ടര്‍മാര്‍ ഡ്യൂട്ടിക്ക് പോയത്. പഴയ റാക്ക് ഉപയോഗിക്കാന്‍ ചില കണ്ടക്ടര്‍മാര്‍ വിസമ്മിച്ചതോടെ പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങിയതു വരുമാന ചോര്‍ച്ചയ്ക്കും കാരണമായി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം രണ്ട് സര്‍വീസുകള്‍ റദ്ദാക്കി. ഇന്നലെ രാവിലെയോടെ പ്രതിസന്ധി രൂക്ഷമാവുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തതോടെ മാനേജ്‌മെന്റ് ഇടപെട്ട് 50 ലക്ഷം രൂപ കമ്പനിക്ക് നല്‍കി സെര്‍വര്‍ പുനസ്ഥാപിച്ചു.
സെര്‍വര്‍ വാടകയ്‌ക്കെടുത്ത വകയില്‍ ബംഗളൂരുവിലെ ക്വാണ്ടം എയോണ്‍ കമ്പനിക്ക് രണ്ടരക്കോടി രൂപയാണ് കൊടുക്കാനുള്ളത്. 50 ലക്ഷം രൂപയെങ്കിലും അടിയന്തരമായി നല്‍കണമെന്ന് കമ്പനി കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ തുക നല്‍കാന്‍ ധാരണയായെങ്കിലും ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ അന്തിമാനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കമ്പനി മെഷീനുകളുടെ പ്രവര്‍ത്തനം വിച്ഛേദിച്ചത്. അതിനിടെ, കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യബസ് ലോബികളുടെ നീക്കം നടക്കുന്നതായി പരാതിയുയര്‍ന്നു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നുള്ള 3000 കോടി വായ്പയ്‌ക്കെതിരേ സ്വകാര്യബസ് ലോബി പ്രവര്‍ത്തിക്കുന്നുവെന്നാണ് കെഎസ്ആര്‍ടിസിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി ഹേമചന്ദ്രന്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു.
വായ്പ തിരിച്ചടയ്ക്കാനുള്ള ആസ്തി കെഎസ്ആര്‍ടിസിക്ക് ഇല്ലെന്നും വായ്പ കൊടുത്ത് കുഴപ്പത്തിലാവരുതെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി വിനായക് എന്നയാള്‍ കണ്‍സോര്‍ഷ്യത്തിലെ ഒരു ബാങ്കിനെ സമീപിച്ചത്രേ. ബാങ്ക് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കെഎസ്ആര്‍ടിസി എംഡി  പ്രാഥമിക പരിശോധന തുടങ്ങി. പരിശോധനയില്‍ വിനായകിന്റെ നീക്കത്തിന്് പിന്നില്‍ കൊല്ലത്തെ ബസ് ഉടമയാണെന്ന് കണ്ടെത്തി. ബസ്സുടമയുടെ ബന്ധുവാണ് വിനായക്. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഡി സര്‍ക്കാരിന് റിപോര്‍ട്ടും നല്‍കി. എംഡിയുടെ പരാതിയില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം ആരംഭിക്കും.

RELATED STORIES

Share it
Top