കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാലിന്യം കത്തിച്ച സംഭവം: വ്യാപക പ്രതിഷേധം

വടകര: താഴെഅങ്ങാടി മലബ്ബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന കെഎസ്ആര്‍ടിസി ഡിപോയില്‍ നിന്നും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന് തണുപ്പന്‍ പ്രതികരണം.
ഇത് സംബന്ധിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 3ാം തിയ്യതി നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കുകയും, ഈ നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞത്. എന്നാല്‍ മറുപടി ലഭിച്ചത് സംബന്ധിച്ച് ഇന്നലെ നഗരസഭ ആരോഗ്യ വിഭാഗത്തോട് അന്വേഷിച്ചപ്പോള്‍ ഡിപ്പോ അധികൃതര്‍ മറുപടി നല്‍കിയെന്നാണ് അറിയിച്ചത്. എന്നാല്‍ എന്താണ് മറുപടിയെന്നും, മാലിന്യം കത്തിച്ചതില്‍ പിഴ അടക്കമുള്ള നടപടിയെടുക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ക്കായില്ല.
കഴിഞ്ഞ 1ാം തിയതി രാത്രി 11 മണിയോടെയാണ് ഡിപോയുടെ പ്രവേശന കവാടത്തിന് ഇടത്ത് സൈഡിലുള്ള സെക്യൂരിറ്റി ക്യാബിന് സമീപത്ത് വച്ച് ജീവനക്കാരന്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. ഇത് നാട്ടുകാരിലൊരാള്‍ ഫോട്ടോ എടുക്കുകയും നഗരസഭയുടെ മാലിന്യ മുക്ത പദ്ധതിയായ സീറോ വേസ്റ്റ് പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും, കൂടാതെ പരാതി പറയുകയും ചെയ്തത്. നഗരത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരത്തില്‍ മാലിന്യം കത്തിച്ചതടക്കമുള്ള സംഭവങ്ങള്‍ പിടികൂടിയപ്പോള്‍ പതിനായിരം മൂതല്‍ ഇരുപത്തായ്യായിരം രൂപ വരെ പിഴ നഗരസഭ ആരോഗ്യ വിഭാഗം ഒടുങ്ങനെ ചുമത്തിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് തന്നെ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
നിലവില്‍ ഡിപോയുടെ നിലം കോണ്‍ക്രീറ്റ് ചെയ്യാതെ ബസുകള്‍ കയറിയിറങ്ങുമ്പോള്‍ തന്നെ പൊടിപടലങ്ങള്‍ കാരണം ആസ്ത്മ പോലുള്ള രോഗങ്ങള്‍ പ്രദേശത്ത് റിപോര്‍ട്ട് ചെയ്തിരുന്നു. നിലം കോണ്‍ക്രീറ്റ് ചെയ്യാത്തതിനെതിരെ പ്രദേശത്തെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്തിരുന്നു.
ഇതിന് പുറമെയാണ് ബസുകളുടെ ഓയിലുകള്‍ ചേര്‍ന്നുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്ത് വരുന്നത്.
ഇതേ വര്‍ഷം തന്നെ ജനുവരി മാസം സമാന സംഭവം ഈ ഡിപ്പോയില്‍ നടന്നിരുന്നു. പരാതി ലഭിച്ച നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ പിഴ ഒടുക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നും നഗരസഭ പിന്‍മാറിയതാണ് വീണ്ടും മാലിന്യം കത്തിക്കുന്നത്.
പകര്‍ച്ചപനി, ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ പകര്‍ച്ചാവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ ഒത്താശ ചെയ്യുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പല രീതിയിലും മാലിന്യം നീക്കം ചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ തന്നെ നടപ്പില്‍ വരുത്തിയിട്ടും, അത്തരത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് സംസ്ഥാന തലത്തില്‍ തന്നെ അവാര്‍ഡുകള്‍ നേടിയ തദ്ദേശ സ്ഥാപനമാണ് വടകര നഗരസഭ.
മറ്റു സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയ്‌ക്കെതിരെ മാലിന്യം സ്ംബന്ധിച്ച പ്രശ്‌നത്തില്‍ കര്‍ശന നടപടിയെടുക്കുന്ന നഗരസഭ ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സീറോ വേസ്റ്റ് പദ്ധതിക്ക് തന്നെ തിരിച്ചടിയാവുമെന്നും നാട്ടുകാര്‍ ഓര്‍മ്മപ്പെടുത്തുന്നു.

RELATED STORIES

Share it
Top