കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം 70 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവേ ധനമന്ത്രി മന്ത്രി തോമസ് ഐസക് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിരുന്നില്ല. ഇത് നല്‍കാനാണ് 70 കോടി അനുവദിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനകം കെഎസ്ആര്‍ടിസിക്ക് നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.  അതേസമയം, ഭൂനികുതി കുറയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ തല്‍ക്കാലമില്ലെന്ന് അദ്ദേഹം പറഞ്ഞു. സബ്ജക്ട് കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. ഭൂനികുതി വര്‍ധിപ്പിച്ചതിന്റെ ഗുണം കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായിരിക്കും ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹരെ നിശ്ചയിക്കാന്‍ ആവിഷ്‌ക്കരിച്ച മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വേണ്ടതുണ്ടെങ്കില്‍ പരിശോധിക്കും. ഇതുസംബന്ധിച്ച് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍(ഗിഫ്്റ്റ്) സാംപിള്‍ സര്‍വേ നടത്തുന്നുണ്ട്. അവരുടെ റിപോര്‍ട്ട് വന്നശേഷം മാറ്റങ്ങള്‍ അനിവാര്യമാണെന്നു കണ്ടാല്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടും. സിഎജിയുടെ പഠനത്തില്‍ നിലവില്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ 16 ശതമാനം അനര്‍ഹരാണ്. 12 ശതമാനം അര്‍ഹര്‍ പദ്ധതിക്ക് പുറത്തുമാണ്. ഇതിനുമാറ്റം വരുന്നതിനുവേണ്ടിയാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. പൊതുമരാമത്ത് വകുപ്പിനുകീഴില്‍ വരുന്ന ജോലികള്‍ക്കായി 2000 കോടി വകയിരുത്തിയിട്ടുണ്ട്. ഏതൊക്കെ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി തീരുമാനിക്കും. എംഎല്‍എമാര്‍ക്ക് അവരുടെ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചാല്‍ മതിയാവും. സാംസ്‌കാരിക വകുപ്പിന് 2.90 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. മുന്‍ഗണനാക്രമം നിശ്ചയിച്ച് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമതല സാംസ്‌ക്കാരിക വകുപ്പിനായിരിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബജറ്റുകളിലെ പദ്ധതിവിഹിതത്തേക്കാള്‍ കൂടുതലാണ് ഇക്കുറി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവരുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കേരളാ ടാക്‌സേഷന്‍ അമന്റ്‌മെന്റ് ബില്ല് തിരികെക്കൊണ്ടുവന്ന നടപടി ശരിയല്ലെന്ന് കെ എം മാണി പറഞ്ഞു. കുടുംബാഗങ്ങള്‍ തമ്മിലുള്ള ഭാഗ ഉടമ്പടിപത്രത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ല. കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ബജറ്റാണ് തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മൂലധന ചെലവ് കുറയുകയും റവന്യൂകമ്മി വര്‍ധിക്കുകയും ചെയ്തു. വിലക്കയറ്റം തടയാന്‍ ഒരുനടപടിയും ബജറ്റിലില്ല. നിയമനനിരോധനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എം സ്വരാജ്, വി പി സജീന്ദ്രന്‍, സി കെ ആശ, എം ഉമ്മര്‍, ഐ ബി സതീഷ്, കെ എം മാണി, പി കെ ശശി, ഒ രാജഗോപാല്‍, ആര്‍ രാമചന്ദ്രന്‍, പി കെ ബഷീര്‍, ജെയിംസ് മാത്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top