കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. സിംഗിള്‍ ഡ്യൂട്ടിയിലെ അപാകത പരിഹരിക്കാന്‍ വിദഗ്ധ സമിതി രൂപവല്‍ക്കരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പിരിച്ചുവിട്ട 143 താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നതു സംബന്ധിച്ച ഉറപ്പ് മന്ത്രി നല്‍കിയെന്നാണ് സൂചന.
ഇതിനായി കെഎസ്ആര്‍ടിസി എംഡി നടപടി സ്വീകരിക്കും. മറ്റു തൊഴില്‍ പ്രശ്‌നങ്ങളില്‍ ഈ മാസം 17ന് ചര്‍ച്ചനടത്താനും ധാരണയായി. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. സമരം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കെഎസ്ആര്‍ടിഇഎ, കേരള സ്റ്റേറ്റ് റോഡ് ട്രാസ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐഎന്‍ടിയുസി), കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയന്‍ സംഘടനകളാണ് അനിശ്ചിതകാല സമരത്തിന് സപ്തംബര്‍ 13ന് നോട്ടീസ് നല്‍കിയിരുന്നത്.
ശമ്പളപരിഷ്‌കരണം നടപ്പാക്കുക, പിരിച്ചുവിട്ട കാഷ്വല്‍ മെക്കാനിക്കല്‍ സ്റ്റാഫുകളെ തിരിച്ചെടുക്കുക, ഷെഡ്യൂളുകളുടെ പുനപ്പരിശോധന പിന്‍വലിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

RELATED STORIES

Share it
Top