കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടുത്ത മാസം 3 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിഇഎ, കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐഎന്‍ടിയുസി), കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍, കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരത്തിന് സപ്തംബര്‍ 13ന് നോട്ടീസ് നല്‍കിയിരുന്നത്.
ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ആവശ്യങ്ങള്‍ കെഎസ്ആര്‍ടിസിക്ക് പരിഗണിക്കാനാവില്ലെന്നും ഹരജിക്കാര്‍ പറയുന്നു. സപ്തംബര്‍ 13ന് നോട്ടീസ് നല്‍കിയിട്ടും പരിഹാരത്തിനായി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമരം ഒഴിവാക്കാനായി ഒത്തുതീര്‍പ്പ് ചര്‍ച്ച തുടങ്ങിയെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രളയത്തെ തുടര്‍ന്നുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ സമരം അനുവദിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തുടര്‍ന്നാണ് സമരം തടയണമെന്ന ഹരജിയിലെ ഇടക്കാല ആവശ്യം അനുവദിച്ചത്. സമരക്കാര്‍ക്കെതിരേ കേരള അവശ്യ സര്‍വീസ് നിയമം (എസ്മ) പ്രയോഗിക്കണമെന്നും സമരക്കാരെ ചര്‍ച്ചയ്ക്കു വിളിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനിശ്ചിതകാല സമരം കെഎസ്ആര്‍ടിസിയെ തകര്‍ക്കും. പിരിച്ചുവിട്ട കാഷ്വല്‍ മെക്കാനിക്കല്‍ സ്റ്റാഫുകളെ തിരിച്ചുവിളിക്കുക, സര്‍വീസ് ഷെഡ്യൂളുകളുടെ പുനപ്പരിശോധന പിന്‍വലിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിനൊരുങ്ങിയത്.

RELATED STORIES

Share it
Top