കെഎസ്ആര്‍ടിസി ജങ്ഷനില്‍ ഗതാഗതക്കുരുക്കിനു പരിഹാരമില്ലതൊടുപുഴ: നഗരത്തില്‍ ഇടുക്കി റോഡില്‍ കെഎസ്ആര്‍ടിസി ജങ്ഷനില്‍ ഗതാഗതക്കുരുക്കു രൂക്ഷമാകുമ്പോഴും പരിഹാരമില്ല. പല സമയത്തും വാഹനങ്ങളുടെ നീണ്ട നിരയാണിവിടെ. ഈ ജങ്ഷന്‍ കടന്നുകിട്ടാന്‍ വാഹനയാത്രക്കാര്‍ക്ക് ഏറെനേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. നാല്‍ക്കവലയായ ഇവിടെ നാലു റോഡുകളില്‍ നിന്ന് ഒരേ സമയം വാഹനങ്ങള്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തതു ഗതാഗതക്കുരുക്കു രൂക്ഷമാക്കുന്നു.ഒപ്പം അപകടസാധ്യതയും വര്‍ധിക്കുകയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന ബസുകളും മൂലമറ്റം, ഈരാറ്റുപേട്ട ഭാഗങ്ങളില്‍ നിന്നു വരുന്നതും പോകുന്നതുമായ ബസുകളും മറ്റ് വാഹനങ്ങളുമെല്ലാം ഈ വഴിയാണു കടന്നുപോകുന്നത്. ഇതിനുപുറമെ മൂപ്പില്‍കടവ് പാലം കടന്ന് ഈ ജങ്്ഷനിലൂടെയാണു കിഴക്കന്‍ മേഖലകളില്‍ നിന്നും മൂവാറ്റുപുഴ, അടിമാലി റൂട്ടുകളില്‍ നിന്നുമുള്ള ബസുകള്‍ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിലേക്കെത്തുന്നത്. കിഴക്കന്‍ മേഖലകളിലേക്കും മൂലമറ്റം റൂട്ടിലേക്കുമുള്ള ബസുകളെല്ലാം പോകുന്നതും ഇതുവഴിയാണ്. അതിനാല്‍ ത്തന്നെ സദാസമയവും ഈ ജങ്ഷനില്‍ വാഹനങ്ങളുടെ തിരക്കാണ്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്കു വര്‍ധിക്കുകയാണെന്ന് ആരോപിച്ച് ഇതിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുകയായിരുന്നു. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിനു പോലിസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. പോലിസ് ഇല്ലാത്ത സമയങ്ങളില്‍ വാഹനയാത്രക്കാര്‍ സ്വന്തമായി ഇവിടത്തെ നിയന്ത്രണം ഏറ്റെടുക്കുകയാണു പതിവ്. ഇതു പലപ്പോഴും വാക്കേറ്റത്തിനും അപകടത്തിനും ഇടയാകാറുണ്ട്. ബസ് സ്‌റ്റോപ്പില്‍ നിന്നു മാറി, ബസുകള്‍ തോന്നുംപടി നിര്‍ത്തി യാത്രക്കാരെ ഇറക്കി വിടുന്നതും കയറ്റുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെയാണു വാഹനങ്ങള്‍ ഇതുവഴി ചീറിപ്പായുന്നത്. സ്വകാര്യ ബസുകളടക്കം അമിതവേഗത്തില്‍ ജങ്ഷനിലേക്ക് എത്തുന്നതു മറ്റു വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

RELATED STORIES

Share it
Top