കെഎസ്ആര്‍ടിസി കോംപ്ലക്‌സിലെ കടകള്‍ ഒഴിയാന്‍ നോട്ടീസ്‌

കണ്ണൂര്‍: നഗരത്തിലെ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിയാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം കടകള്‍ ഒഴിയണമെന്നാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ മുഖേന കൈമാറിയ നോട്ടീസിലെ നിര്‍ദേശം.
കോംപ്ലക്‌സിലെ 32 കടകള്‍ക്കാണ് നോട്ടീസ് കൈമാറിയത്. 10000 മുതല്‍ 25000 രൂപ വരെ പ്രതിമാസ വാടക ഈടാക്കുന്ന കടകളാണ് ഇവിടെ ഏറെയും. 10 വര്‍ഷമായി നടത്തുന്ന കടകള്‍ ഒഴിഞ്ഞ് പുതിയ ടെന്‍ഡര്‍ നല്‍കാന്‍ തിരുവനന്തപുരത്തുനിന്ന് കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, കട ഒഴിപ്പിക്കലിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചറുകളും ഉല്‍പന്നങ്ങളുമുള്ള കടമുറികള്‍ പൊടുന്നനെ ഒഴിയണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. തുടക്കത്തില്‍ 2900 രൂപ മാത്രമായിരുന്ന വാടക രണ്ടുവര്‍ഷം കൂടുമ്പോള്‍ വര്‍ധിപ്പിച്ച് ഇപ്പോള്‍ 11000 രൂപയോളമായി. വ്യാപാരമാന്ദ്യം കാരണം കടബാധ്യതയുള്ള വ്യാപാരികളെ വഴിയാധാരമാക്കുന്ന നടപടിയില്‍നിന്ന് അധികൃതര്‍ പിന്‍മാറണം.
ഇതിനെതിരേ കെഎസ്ആര്‍ടിസി ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ വി സലീം അധ്യക്ഷനായി. എം എ ഹമീദ് ഹാജി, പി എം സുഗുണന്‍, മനോഹരന്‍, രഞ്ജിത്ത്, പ്രമോദ്, പി പി ജയറാം സംസാരിച്ചു.

RELATED STORIES

Share it
Top