കെഎസ്ആര്‍ടിസി കവാടത്തിലെ ഷെഡ്ഡ് പൊളിച്ചുനീക്കാന്‍ തീരുമാനം

ചങ്ങനാശ്ശേരി: അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഷെഡ്ഡ് പൊളിച്ചുനീക്കാന്‍ തീരുമാനം. തിരുവല്ലാ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഈ കവാടത്തിലൂടെ അകത്തേക്കു പ്രവേശിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവുന്നതു പതിവായ സാഹചര്യത്തിലാണ് ഇവ പൊളിച്ചുനീക്കാന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദു ഡിപ്പോ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഷെഡ്ഡ് പൊളിക്കുന്ന ഭാഗത്തു വേലിക്കെട്ട് നിര്‍മിച്ചു സുരക്ഷ ഒരുക്കണമെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ഈ കെട്ടിടത്തിലാണു പരസ്യ സംബന്ധമായ കേബിളുകളും മറ്റും പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റാന്‍ഡിലേക്കു ഇറക്കി നിര്‍മിച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങി നടക്കേണ്ടിവരികയും ഈ സമയം ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുമ്പോള്‍ മാറിനില്‍ക്കാന്‍ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതും പതിവാണ്. അടുത്ത കാലത്ത് തമിഴ്‌നാടു വക ബസ് സ്റ്റാന്‍ഡിലേക്കു കയറുന്നതിനിടയില്‍ അപകടം ഒഴിവാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പിന്നിലേക്കു ഇറങ്ങി സമീപത്തെ കടയില്‍ ഇടിച്ചു കയറിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു വന്ന മറ്റൊരു വേളങ്കണ്ണി ബസ് ഈ കെട്ടിടത്തിന്റെ ഫൗണ്ടേഷനില്‍ ഇടിച്ചുകയറിയും അപകടം ഉണ്ടായിട്ടുണ്ട്. സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തില്‍ നിന്ന യാത്രക്കാരന്‍ ബസ് കയറി മരിച്ചതും അടുത്തകാലത്താണ്. സ്റ്റാന്‍ഡിലെത്തുന്ന ബസ്സുകള്‍ കെട്ടിടത്തിനു സമാന്തരമായി ഇടാന്‍ ശ്രമിക്കുന്നതും ഈ സമയം യാത്രക്കാര്‍ക്ക് സ്ഥല പരിമിതിമൂലം സൗകര്യപ്രദമായ സ്ഥലത്തേക്കു മാറിനില്‍ക്കാന്‍ കഴിയാതെ വരുന്നതും  ഇവിടെ അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അതേസമയം സ്റ്റാന്‍ഡില്‍ ബസ്സുകളുടെ പാര്‍ക്കിങ് പുനക്രമീകരിക്കണമെന്ന ആവശ്യവും യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. സ്റ്റാന്‍ഡിന്റെ വടക്കു ഭാഗത്തായി പുതിയ ബസ് ടര്‍മിനലും ഷോപ്പിങ് കോംപ്ലക്‌സും പൂര്‍ത്തിയായ ശേഷമേ നിലവിലെ സ്റ്റേഷന്‍ മാസ്റ്റര്‍ കെട്ടിടം പൊളിച്ചുമാറ്റുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top