കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് എ ഹേമചന്ദ്രനെ പുറത്താക്കാന്‍ നീക്കം

തിരുവനന്തപുരം: രാജമാണിക്യത്തിനു പിന്നാലെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നും എ ഹേമചന്ദ്രനെയും പുറത്താക്കാന്‍ നീക്കം. ഗതാഗതവകുപ്പിലെ ചില ഉന്നതരാണ് ഇതിനായി നീക്കം നടത്തുന്നത്.
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ഹബ് നിര്‍മിക്കാനുള്ള നീക്കത്തെ എതിര്‍ത്തതും സ്വകാര്യ ബസ്സുകളുടെ റണ്ണിങ് ടൈം കുറച്ചതില്‍ പരാതിപ്പെട്ടതുമാണ് ഹേമചന്ദ്രനെതിരായ നീക്കത്തിന് പിന്നില്‍. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസിയുടെ നാലേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് 650 കോടി രൂപ ചെലവഴിച്ച് വൈറ്റില മാതൃകയില്‍ ഹബ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍  ഭൂമി പൂര്‍ണമായും വിട്ടുകൊടുക്കാന്‍ ആവില്ലെന്നും ഒടുവില്‍ കെഎസ്ആര്‍ടിസിക്ക് ബസ് പാര്‍ക്ക് ചെയ്യാന്‍പോലും സ്ഥലം കിട്ടാത്ത അവസ്ഥയാവുമെന്നും ചൂണ്ടിക്കാണിച്ച് എ ഹേമചന്ദ്രന്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഇതാണ് അനിഷ്ടത്തിന് ഒരു ഒരു കാരണം.
സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളുടെ റണ്ണിങ് ടൈം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറുകളേക്കാള്‍ കുറച്ചുകൊടുത്തതിനെതിരേ ഹേമചന്ദ്രന്‍ പരാതി നല്‍കിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജനുവരിയിലെടുത്ത തീരുമാനം രഹസ്യമാക്കി വച്ചിരിക്കവെയാണ് തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് എംഡിയുടെ പരാതി. കെഎസ്ആര്‍ടിസിയുടെ വരുമാനം കുത്തനെ കുറയ്ക്കുന്ന നടപടിയായിരുന്നിട്ടും പ്രമുഖ തൊഴിലാളി യൂനിയനുകളൊന്നും ഇതുവരെ പ്രതികരിക്കാത്തതും വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നതിനു സൂചനയുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരും ഹേമചന്ദ്രനെതിരേ രംഗത്തുണ്ട്.
അതിനിടെ കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കണമെന്ന സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കാത്തതിനെതിരേ സിഐടിയു യൂനിയന്റെ അനിശ്ചിതകാല നിരാഹാരസമരം ചീഫ് ഓഫിസിന് മുമ്പില്‍ തുടരുകയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാതെ വിഭജനം പ്രായോഗികമല്ലെന്ന് കാണിച്ച് എംഡി കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതും ഭരണകക്ഷിയെ ചൊടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top