കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു, ജോലി ഭാരവും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും മൂലമെന്ന് ബന്ധുക്കള്‍കൊല്ലങ്കോട്: ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യചെയ്തു. പെരുവെമ്പ് പള്ളിക്കാട് പരേതനായ ചെറുകുട്ടി മകന്‍ ആറുമുഖന്‍ (49) ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്. അമിത ജോലിഭാരവും ജോലിക്കിടെ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ഉണ്ടാവാറുണ്ടെന്ന് ആറുമുഖന്‍ പറഞ്ഞതായി സഹോദരന്‍ കൃഷ്ണന്‍ പറഞ്ഞു.
20 വര്‍ഷത്തിലധികമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തുവരുന്ന ആറുമുഖന്‍ ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചിറ്റൂര്‍ ഡിപ്പോയില്‍ എത്തിയത്. ദിവസേനയുള്ള വരുമാനം കുറവാണെന്നും ദലിതനായ വ്യക്തി ഈ സ്ഥാനത്തിരിക്കുന്നതിനാലാണെന്നും പറഞ്ഞ് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച്ച ദേഹാസ്വസ്ഥത മൂലം ഡോക്ടറെ കണ്ട് പാലക്കാട്ടെ സഹോദരിയുടെ വീട്ടിലെത്തിയ ശേഷമാണ്  തിരികെ പെരുവെമ്പിലെ വീട്ടിലേക്ക് എത്തിയത്. അന്നേ ദിവസം ചിറ്റൂര്‍ ഡിപ്പോയില്‍ നിന്നു പാലക്കാട് ഡിപ്പോയിലേക്ക് ജോലി മാറ്റം ലഭിച്ചതായ അറിയിപ്പ് ആറുമുഖന് കിട്ടിയതായി ബന്ധുക്കള്‍ പറഞ്ഞു. അമിത ജോലിഭാരമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പുതുനഗരം അഡീഷനല്‍ എസ്‌ഐ ചന്ദ്രന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം ഇന്ന് രാവിലെ എട്ടര ചന്ദ്രനഗര്‍ ശ്മശാനത്തില്‍.
അമ്മ: കല്യാണി, ഭാര്യ: ഗീത മുന്‍ (പെരുവെമ്പ്  പഞ്ചായത്ത് അംഗം). മക്കള്‍: അജയന്‍ (പ്ലസ് ടു),
അജിന്‍ (ഏഴ്), സഹോദരങ്ങള്‍ കൃഷ്ണന്‍, രാമന്‍കുട്ടി, ലക്ഷ്മി.

RELATED STORIES

Share it
Top