കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് സമയക്രമം പാലിക്കാത്തതിനും ചോദ്യം ചെയ്തത യാത്രക്കാരനോട് അപമര്യദയായി പെരുമാറിയതിനും കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കാന്‍ വിധി. നിലമ്പൂര്‍ സ്വദേശിയും കോയമ്പത്തൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ വി ഷിജു എബ്രഹാമാണ് പരാതിക്കാരന്‍. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന പി മധു, ഡ്രൈവര്‍ കെ കെ സാബു, കണ്ടക്ടര്‍ ബി വി സുരേഷ്‌കുമാര്‍, കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ 20,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും സംഭവം ദിവസം മുതല്‍ 12 ശതമാനം പലിശയോടെ നല്‍കണമെന്ന് മലപ്പുറം ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. 2015 ഏപ്രില്‍ 16 നാണ് സംഭവം. വഴിക്കടവ്-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ പെരിന്തല്‍മണ്ണയില്‍നിന്നു ഷൊര്‍ണ്ണൂരിലേക്ക് യാത്ര ചെയ്തപ്പോള്‍ രാത്രി 10.20ന് സ്റ്റാന്റിലെത്തി 10.40ന് പുറപ്പെടേണ്ടിയിരുന്ന ബസ് 11.15ന് വൈകി പുറപ്പെട്ടതിനാല്‍ ഷൊര്‍ണ്ണൂരില്‍ നിന്നു ലഭിക്കേണ്ട അമൃത-രാജ്യറാണി എക്‌സ്പ്രസ് ഷിജുവിന് നഷ്ടപ്പെട്ടു. ഇത് ചോദ്യം ചെയ്തതിന് മോശമായി പെരുമാറുകയും ചെയ്തു.
തുടര്‍ന്ന് റിസര്‍വ്വ് ചെയ്ത എസി ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മറ്റൊരു ട്രെയിനില്‍ അര്‍ദ്ധരാത്രിയില്‍ ബുദ്ധിമുട്ടി യാത്ര ചെയ്യേണ്ടി വന്നു. തുടര്‍ന്നാണ് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി വിജിലന്‍സ് പരാതി അന്വേഷിച്ച് പരാതിക്കിടയായ സംഭവം വാസ്തവമാണെന്നും കണ്ടെത്തുകയായിരുന്നു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കി നല്‍കാനും കോടതി നിര്‍ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. കെ ആര്‍ വിനീത് ഹാജരായി.

RELATED STORIES

Share it
Top