കെഎസ്ആര്‍ടിസി അയ്യപ്പഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനകാലവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിലും ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലും എത്തുന്ന അയ്യപ്പഭക്തന്‍മാര്‍ക്കായി അയ്യപ്പദര്‍ശന്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസി പ്രത്യേക പാക്കേജ് ആരംഭിക്കുന്നു.
ഇതിലേക്കുള്ള ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റ് വഴി 29 മുതല്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ സ്വീകരിക്കും. സന്നിധാനത്തെ ദര്‍ശനം കഴിഞ്ഞ് തിരികെ എയര്‍പോര്‍ട്ട്, റയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതുവരെ യാത്രക്കാരുടെ സൗകര്യങ്ങള്‍ കോര്‍പറേഷന്‍ മേല്‍നോട്ടം വഹിക്കും. എസി വോള്‍വോ ബസ്സില്‍ യാത്ര, ഒരു കുപ്പി കുടിവെള്ളം, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനും വൈഫൈ സൗകര്യവും ലഭ്യമാക്കും. തീര്‍ത്ഥാടന യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ബസ്സില്‍ അനൗണ്‍സ് ചെയ്യും. അയ്യപ്പഭക്തിഗാനങ്ങള്‍ യാത്രയില്‍ ഉടനീളം ഭക്തര്‍ക്കായി ബസ്സിനുള്ളില്‍ കേള്‍പ്പിക്കും. നിലയ്ക്കലില്‍ ബസ് മാറിക്കയറാതെ നേരിട്ട് പമ്പയില്‍ ഇറങ്ങാവുന്നതാണ്. പമ്പയില്‍ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ യാത്രക്കാരെ സ്വീകരിക്കുകയും പോലിസിന്റെ വെര്‍ച്വല്‍ ക്യൂ അടക്കമുള്ള ദര്‍ശനത്തിന് സൗകര്യം ചെയ്തുകൊടുക്കും. തിരികെയുള്ള യാത്രയ്ക്ക് എയര്‍പോര്‍ട്ട്, റയില്‍വേ സ്‌റ്റേഷന്‍ വരെ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കും. നെടുമ്പാശ്ശേരിയില്‍ നിന്ന് 1500, ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ നിന്ന് 900 എന്നിങ്ങനെയാണ് നിരക്ക്. മുന്‍കൂട്ടി റിസര്‍വ് ചെയ്യാത്തവര്‍ക്ക് സീറ്റുകള്‍ ലഭ്യമാണെങ്കില്‍ ബസ്സില്‍ നിന്ന് ടിക്കറ്റ് എടുക്കാവുന്നതാണ്. ബുക്കിങുകളുടെ ബാഹുല്യം അനുസരിച്ച് വേണ്ടിവന്നാല്‍ നോണ്‍ എസി ബസ്സുകളും ശബരീദര്‍ശന്‍ പാക്കേജില്‍ ചേര്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സലൃമ ഹമൃരേ.രീാ സന്ദര്‍ശിക്കുക.

RELATED STORIES

Share it
Top