കെഎസ്ആര്‍ടിസിയുടെ രാത്രികാല സര്‍വീസ് നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

വാഴൂര്‍: ചങ്ങനാശ്ശേരിയില്‍ നിന്നു പൊന്‍കുന്നം ഭാഗത്തേക്കുള്ള രാത്രികാല കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയിട്ട് ഒന്നര വര്‍ഷം പിന്നിടുന്നു. ഇതോടെ നിരവധി യാത്രക്കാരാണു ബുദ്ധിമുട്ടിലാവുന്നത്. വൈകീട്ട് 6.10ന് ചങ്ങനാശ്ശേരിയില്‍ നിന്ന് കുമളിക്കുള്ള സര്‍വീസ് കഴിഞ്ഞാല്‍ പിന്നീട് കെഎസ്ആര്‍ടിസിയില്ല. പിന്നെ ആശ്രയം ഏതാനും സ്വകാര്യ ബസ്സുകള്‍ മാത്രമാണ്. 8.30ന് പൊന്‍കുന്നത്തേക്കുള്ള അവസാനത്തെ സ്വകാര്യ ബസ് പോയാല്‍ പിന്നിട് ചങ്ങനാശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് വാഴൂര്‍, പൊന്‍കുന്നം ഭാഗത്തേക്ക് പോകുകാവാന്‍ ടാക്‌സിയേയോ ഓട്ടോറിക്ഷകളേയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
രാത്രി കാലങ്ങളില്‍ ചങ്ങനാശ്ശേരി റയില്‍വേ സ്റ്റേഷനിലെത്തുന്ന നിരവധി യാത്രക്കാരാണു പൊന്‍കുന്നം ഭാഗത്തേയ്ക്കു ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. മുമ്പ് രാത്രി 10ന് ചങ്ങനാശ്ശേരി ഡിപ്പോയില്‍ നിന്ന് പൊന്‍കുന്നത്തേക്കു കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നു. ഇതു രാത്രികാല യാത്രികര്‍ക്ക് ഏറെ ഗുണകരമായിരുന്നു. എന്നാല്‍ പൊന്‍കുന്നം സര്‍വീസില്‍ കറുകച്ചാല്‍ വരെ മാത്രമെ യാത്രക്കാര്‍ ഉള്ളുവെന്നും.മറ്റ് സര്‍വീസികളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ നഷ്ടമായിരുന്നുവെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.എന്നാല്‍ രാത്രി ഏഴിന് ചങ്ങനാശ്ശേരിയില്‍ നിന്നും കുമളി വഴി പളനിയ്ക്കു പുതിയ സര്‍വീസ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണന്നും ഇതു ഉടന്‍ നടപ്പാവുമെന്നും ഡിപ്പോ അധികൃതര്‍ പറയുന്നു.

RELATED STORIES

Share it
Top