കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലം മാറ്റം; ഒറ്റ ഉത്തരവില്‍ തെറിച്ചത് 1400 പേര്‍

സി എ  സജീവന്‍

തൊടുപുഴ: കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. കോര്‍പറേഷന്‍ 15നു പുറത്തിറക്കിയ ഉത്തരവിലൂടെയാണ് സംഘടനാനേതാക്കളടക്കം 1,400 പേരെ സ്ഥലം മാറ്റിയത്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട സ്ഥലംമാറ്റമായാണ് ഇതിനെ സംഘടനകള്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ 98 യൂനിറ്റുകളില്‍നിന്നായി കണ്ടക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെയാണു മാറ്റിയിരിക്കുന്നത്. പ്രൊട്ടക്ഷന്‍ ജീവനക്കാരായി നിലനിര്‍ത്തിയിരുന്നവരടക്കമുള്ളവരെ തലങ്ങും വിലങ്ങും മാറ്റിയ മാനേജിങ് ഡയറക്ടറുടെ ഉത്തരവിനെതിരേ ഭരണ-പ്രതിപക്ഷ യൂനിയനുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്ഥലംമാറ്റം അംഗീകരിക്കാതെ സര്‍ക്കാര്‍-രാഷ്ട്രീയ ഇടപെടലിലൂടെ ഉത്തരവു മരവിപ്പിക്കാനുള്ള നീക്കവും സജീവമാണ്.
കാലാകാലങ്ങളായി അംഗീകൃത സംഘടനകളുടെ നേതാക്കളെ ഒഴിവാക്കിയാണ് കോര്‍പറേഷന്‍ സ്ഥലംമാറ്റം നടത്താറുള്ളത്. അതിനായി ഈ ജീവനക്കാരെ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍പ്പെടുത്തി പ്രത്യേക ഉത്തരവും വര്‍ഷാവര്‍ഷം പുറത്തിറക്കാറുണ്ട്. കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ അംഗീകൃത സംഘടനകളായ കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു), എംപ്ലോയീസ് യൂനിയന്‍ (ഐഎന്‍ടിയുസി) എന്നിവയിലെ 200 നേതാക്കള്‍ക്കാണ് പ്രൊട്ടക്ഷന്‍ അനുവദിച്ചിരുന്നത്. ഈ വര്‍ഷവും ഇതുസംബന്ധിച്ച ഉത്തരവ് കോര്‍പറേഷന്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവിലുള്ള നേതാക്കളെയെല്ലാം തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതിനെതിരേ സിപിഎം-സിഐടിയു സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുകയാണു സംഘടനകള്‍.
ഡ്രൈവറായിരിക്കെ അപകടങ്ങളില്‍പ്പെട്ടും മറ്റും വണ്ടി ഓടിക്കാനാവാത്തവര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവര്‍ എന്നിവരെയൊക്കെ മാനുഷിക പരിഗണന നല്‍കി മുന്‍കാലത്ത് സ്ഥലംമാറ്റത്തില്‍നിന്ന് ഒഴിവാക്കുകയും ഡിപ്പോകളില്‍ അത്രമേല്‍ കായികശേഷി ആവശ്യമില്ലാത്ത ജോലികളില്‍ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ടോമിന്‍ തച്ചങ്കരി പുതിയ എംഡിയായതിനെ തുടര്‍ന്ന് ഇവരെയെല്ലാം അവരവരുടെ ജോലികളില്‍ പുനര്‍നിയമിച്ച് ഉത്തരവിറക്കി. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി സംഘടനകളും നേതാക്കളും രംഗത്തുവന്നു. ഇക്കാര്യത്തില്‍ എംഡിയെ നേരില്‍ക്കണ്ട് സങ്കടം പറയാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 57 പേരടങ്ങിയ സംഘം കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ എത്തിയിരുന്നു. അവരോട് വളരെ ധിക്കാരപരമായി എംഡി പെരുമാറിയത് വിവാദമായിരുന്നു.
'ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുക. ഒന്നും ഇങ്ങോട്ടു പറയേണ്ട. അങ്ങോട്ടു പറയുന്നതു കേട്ടാല്‍ മതി' എന്ന നിലപാടായിരുന്നു എംഡിയുടേതെന്ന് അസോസിയേഷന്റെ സംസ്ഥാന നേതാവ് തേജസിനോട് പറഞ്ഞു. സംസ്ഥാന നേതാക്കളടക്കമുള്ള സംഘത്തിനു പറയാനുള്ളത് കേള്‍ക്കാന്‍പോലും എംഡി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top