കെഎല്‍ഡിസി കനാലിനെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തം

ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട ചെമ്മണ്ടയിലെ കെഎല്‍ഡിസി കനാലിനെ വീണ്ടെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.
കൃഷിക്ക് ഭീഷണിയായി നീര്‍നായകളും നീലക്കോഴികളും കുളത്തിലും കാട്ടിലും ഇടംപിടിച്ചതോടെയാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ചെമ്മണ്ട കായല്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെഎല്‍ഡിസി കനാലില്‍ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടീട്ട് വര്‍ഷങ്ങളായി. പുല്ലത്തറ പാലം മുതല്‍ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ഈ അവസ്ഥ. നിരവധിതവണ പരാതിപ്പെട്ടിട്ടും ചണ്ടിയും കാടും നീക്കം ചെയ്യാന്‍ അധികാരികളുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കനാലിനുള്ളില്‍ കാടും മരങ്ങളും നിറഞ്ഞതോടെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടേയും ശല്യം രൂക്ഷമായിട്ടുണ്ട്.
കനാലിന് വടക്കുഭാഗത്ത് കൃഷിയിറക്കിയ രണ്ടുപേരുടെ നെല്ല് പൂര്‍ണ്ണമായും ഇവ നശിപ്പിച്ചു. ചെമ്മണ്ട കടുംപാട്ട് പാടശേഖരത്തില്‍ 140 ഏക്കറോളമാണ് കൃഷിസ്ഥലമുള്ളത്. പത്ത് മീറ്ററോളം വളര്‍ന്നുനില്‍ക്കുന്ന ഈ കാടും മരങ്ങളും നീക്കം ചെയ്ത് കെഎല്‍ഡിസി കനാല്‍ ഉപയോഗ്യമാക്കിയാലെ അടുത്ത പൂവ്വ് കൃഷി ചെയ്യാന്‍ കഴിയു.
കാടും ചെടികളും നീക്കം ചെയ്താല്‍ മാത്രമെ നീലക്കോഴികളുടേയും നീര്‍നായ്ക്കളുടെ ശല്യവും ഒഴിവാകു. അതിനാല്‍ എത്രയും പെട്ടന്ന് കനാല്‍ വ്യത്തിയാക്കി കൃഷിയെ സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷിമന്ത്രിക്കും എംഎല്‍എക്കും ജില്ലാ കളക്ടര്‍ക്കും ഇവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top