കെഎഎസ്: സംവരണവ്യവസ്ഥകള്‍ ബാധകമല്ല

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സ്ട്രീം രണ്ടിലും മൂന്നിലും സംവരണ വ്യവസ്ഥകള്‍ നിയമപരമായി ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സിവില്‍ സര്‍വീസിലേക്ക് പ്രഗല്ഭരായ യുവജനങ്ങളെ ആകര്‍ഷിക്കാനും വകുപ്പുതല വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് കെഎഎസ് രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനത്തിനു മുമ്പായി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യുകയും നിയമ വകുപ്പ്, പിഎസ്‌സി എന്നിവയുമായി കൂടിയാലോചിക്കുകയും ചെയ്തു. കെഎഎസിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു വിഭാഗങ്ങളിലായി നടത്തുന്നതിനാണ് വിശേഷാല്‍ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തത്. സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനവും രണ്ടിലും മൂന്നിലും നിലവില്‍ സര്‍വീസിലുള്ള ജീവനക്കാരില്‍ നിന്ന് തസ്തികമാറ്റം വഴിയുള്ള നിയമനവും നടത്തുന്നതിനാണ് വ്യവസ്ഥ. സ്ട്രീം ഒന്നിന് സംവരണ വ്യവസ്ഥകള്‍ ബാധകമാണ്. ഒരിക്കല്‍ സംവരണവ്യവസ്ഥ പാലിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കപ്പെട്ടവരില്‍ നിന്നുമാണ് രണ്ടിലേക്കും മൂന്നിലേക്കും നിയമനം നടത്തുക. ഇതു തസ്തികമാറ്റം വഴി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള നിയമനമായതിനാല്‍ സംവരണ വ്യവസ്ഥകള്‍ നിയമപരമായി ബാധകമാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തസ്തികയിലെ പിഎസ്‌സി നിയമനം നേരിട്ടുള്ള നിയമനമാണ്. സംവരണതത്ത്വങ്ങള്‍ പാലിച്ചാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തിവരുന്നത്. നിലവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തസ്തികയിലേക്ക് പ്രമോഷന്‍ വഴിയുള്ള നിയമനത്തിന് സംവരണ വ്യവസ്ഥകള്‍ ബാധകമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎഎസ് നിയമനത്തില്‍ സംവരണ അട്ടിമറി നടക്കുന്നതായും ഇത് ഭരണഘടനാ ലംഘനമാണെന്നും ആബിദ് ഹുസയ്ന്‍ തങ്ങള്‍ ചൂണ്ടിക്കാട്ടി. കെഎഎസ് പുതിയ ഉദ്യോഗസ്ഥ സംവിധാനമായതിനാല്‍ പൂര്‍ണമായും സംവരണം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ സര്‍വീസില്‍ 50 ശതമാനം സംവരണം നല്‍കുമ്പോള്‍ കെഎഎസില്‍ 16.5 ശതമാനം മാത്രമാണ് സംവരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top