കെഎഎസ്: സംവരണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം അട്ടിമറിക്കുന്നതിനു പിന്നില്‍ പ്രത്യേക ലോബിയെന്ന് ആക്ഷേപം. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്കു കെഎഎസില്‍ വീണ്ടും സംവരണം നല്‍കുന്നതു ശരിയല്ലെന്നു കാണിച്ച് സ്‌പെഷ്യല്‍ റൂള്‍ കരടില്‍ നിന്നു രണ്ടാം സ്ട്രീമിലെ സംവരണ നിബന്ധനകള്‍ നീക്കിയത് അര്‍ഹരായ വിഭാഗങ്ങള്‍ക്കു തിരിച്ചടിയായി. കഴിഞ്ഞദിവസം ചേര്‍ന്ന പിഎസ്‌സി യോഗം കെഎഎസിലെ സംവരണത്തില്‍ വ്യക്തത തേടി സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇതിന്റെ മറപിടിച്ചാണു സ്‌പെഷ്യല്‍ റൂള്‍ കരടില്‍ നിന്നു സംവരണ നിബന്ധനകള്‍ ഒഴിവാക്കിയത്. സംവരണ വിഭാഗങ്ങള്‍ക്കു നിയമനം നല്‍കാതിരിക്കാന്‍ കാലാകാലങ്ങളില്‍ സവര്‍ണ വിഭാഗങ്ങള്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോത്തെ നടപടികളെന്നു സംവരണരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആക്ഷേപമുന്നയിക്കുന്നു. ഇത് ഐഎഎസ് ഉള്‍പ്പെടെയുള്ള സുപ്രധാന തസ്തികയിലേക്കു സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ നിലയില്‍ കടന്നുവരാന്‍ അവസരമില്ലാതാക്കും. കെഎഎസ് നിയമനങ്ങളിലെ സംവരണ അട്ടിമറി സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത തസ്തികകളില്‍ മുന്നാക്ക വിഭാഗങ്ങളുടെ സമ്പൂര്‍ണ ആധിപത്യത്തിനു വഴിയൊരുക്കുന്നതാണ്. സെക്രേട്ടറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ തുടങ്ങുന്ന ഉന്നത തസ്തികകളാണു കെഎഎസില്‍ ഉള്‍പ്പെടുന്നത്. സ്ട്രീം ഒന്ന്, സ്ട്രീം രണ്ട്, സ്ട്രീം മൂന്ന് വിഭാഗങ്ങളിലായാണു നിയമന രീതി. ബിരുദ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന ഒന്നാമത്തെ സ്ട്രീമില്‍ മാത്രമാണ് ഇപ്പോള്‍ സംവരണമുള്ളത്. സര്‍വീസിലെ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടില്‍ സംവരണം നല്‍കണമെന്നു സ്‌പെഷ്യല്‍ റൂള്‍ കരടില്‍ പറഞ്ഞിരുന്നെങ്കിലും പുതിയ സ്‌പെഷ്യല്‍ റൂള്‍ കരടില്‍ സംവരണം ഒഴിവാക്കി. എന്നാല്‍ സ്ട്രീം രണ്ടിലെ സംവരണ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ സംവരണം പ്രായപരിധിയില്‍ മാത്രം ഒതുങ്ങുകയാണ് ഉണ്ടായത്. രണ്ടാം സ്ട്രീമില്‍ സംവരണം എടുത്തുകളഞ്ഞതോടെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് 50 ശതമാനം അവസരം ലഭിക്കേണ്ടിടത്ത് 16.5 ശതമാനമായി കുറയും. ചുരുക്കത്തില്‍ 100 പേര്‍ നിയമനം നേടിയാല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് രണ്ട് സീറ്റ് കിട്ടുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടു തസ്തിക കിട്ടണമെങ്കില്‍ 300 നിയമനമെങ്കിലും നടക്കണമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കണമെന്നാണു പിന്നാക്ക വിഭാഗങ്ങളുടെ നിലപാട്. മുഖ്യധാരാ സര്‍വീസ് സംഘടനകളൊന്നും സംവരണ നിഷേധ പ്രശ്‌നം ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഉദ്യോഗസ്ഥരുമായി പലവട്ടം ചര്‍ച്ച നടന്നിട്ടും ഇവര്‍ മൗനംപാലിക്കുകയായിരുന്നു. സംവരണ വ്യവസ്ഥ മാറ്റിയ പുതിയ കരട് നടപ്പാക്കണമെന്ന നിലപാടും ജീവനക്കാരുടെ സംഘടനകള്‍ സ്വീകരിച്ചിട്ടുണ്ട്. സംവരണം ഇല്ലാതാവുന്നതോടെ ഈഴവ, മുസ്്‌ലിം, ഒബിസി വിഭാഗങ്ങള്‍ക്കു കെഎഎസിലേക്കു കടന്നുവരിക എളുപ്പമാവില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഉദേ്യാഗസ്ഥ തസ്തികയില്‍ സംവരണം ഇല്ലാതാവുന്ന സാഹചര്യമാണു വന്നുചേര്‍ന്നിരിക്കുന്നത്.

RELATED STORIES

Share it
Top