കെഎഎസില്‍ പൂര്‍ണ സംവരണമില്ല

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: കേരള ഭരണ സര്‍വീസില്‍ സംവരണം നല്‍കണമെന്ന പട്ടികജാതി കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്റെയും ഉത്തരവുകള്‍ സര്‍ക്കാര്‍ തള്ളി. കെഎഎസില്‍ പൂര്‍ണ സംവരണം നല്‍കേണ്ടെന്ന മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. കെഎഎസ് നിയമനങ്ങളില്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം ബാധകമാക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
സര്‍വീസ് തുടങ്ങിയതിനു ശേഷം മതിയായ പ്രാതിനിധ്യം ഇല്ലെന്നു കണ്ടാല്‍ മാത്രം സംവരണ വിഭാഗങ്ങള്‍ക്ക് പ്രത്യേകം അവസരം നല്‍കിയാല്‍ മതിയെന്ന എജിയുടെ പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍വീസ് നിലവില്‍ വന്ന ശേഷം സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ പിന്നീട് അവസരം നല്‍കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ആദിവാസികള്‍ക്കായി പോലിസ് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത് ഉള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാര്‍ ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു.
കേരള ഭരണ സര്‍വീസില്‍ നേരിട്ട് നിയമനം നടത്തുന്ന മൂന്നിലൊന്ന് നിയമനങ്ങള്‍ക്കു മാത്രമേ സംവരണം ഏര്‍പ്പെടുത്തിയിരുന്നുള്ളൂ. കെഎഎസിലെ മൂന്നില്‍ രണ്ടു തസ്തികകളും സ്ഥാനക്കയറ്റത്തിന്റെ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കുന്നത് ഇരട്ട സംവരണമായി മാറുമെന്നു വ്യക്തമാക്കിയാണ് സംവരണം ബാധകമാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരേ വ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു.
ഇതു സംബന്ധമായി വിവിധ സംവരണ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി-വര്‍ഗ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പൂര്‍ണ സംവരണം നല്‍കണമെന്ന് ഉത്തരവിട്ടത്. പട്ടികവിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കണമെന്ന സുപ്രിംകോടതി വിധിയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറും പരാമര്‍ശിച്ചായിരുന്നു പട്ടികജാതി കമ്മീഷന്റെ ഉത്തരവ്. നേരത്തേ കെഎഎസ് രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം ബാധകമാക്കാത്തതിനെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും രംഗത്തുവന്നിരുന്നു. നീതിന്യായപൂര്‍ത്തിക്ക് സംവരണം അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയായിരുന്നു കമ്മീഷന്റെ നടപടി. ഇതു സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിനോടും പിഎസ്‌സിയോടും റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാവുന്ന വിധമാണ് കെഎഎസ് ചട്ടം തയ്യാറാക്കിയതെന്നും ഒരു തവണ ഇവര്‍ക്ക് സംവരണം കിട്ടിയതിനാല്‍ വീണ്ടും നല്‍കുന്നത് ഇരട്ട സംവരണ ആനുകൂല്യം നല്‍കലാകുമെന്നുമായിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം. സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരിനു ബോധ്യപ്പെട്ടാല്‍ കെഎഎസില്‍ സംവരണം നല്‍കാമെന്നു നിയമ സെക്രട്ടറിയും എജിയും നേരത്തേ നിയമോപദേശം നല്‍കിയിരുന്നു.
ഭരണഘടന അനുസരിച്ച് സര്‍ക്കാര്‍ നിയമനങ്ങളിലെല്ലാം സംവരണം ഉറപ്പാക്കേണ്ടതുണ്ട്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും സംവരണത്തിന്റെ ഗുണഭോക്താക്കളാണ്. കാലാകാലങ്ങളായി തങ്ങളെ വോട്ടുബാങ്കുകളായി മാത്രം കാണുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ സംവരണ വിഭാഗങ്ങളില്‍ അമര്‍ഷം പുകയുകയാണ്.

RELATED STORIES

Share it
Top