കെഎംസിടി പോളിടെക്‌നിക് കോളജില്‍ സംഘര്‍ഷം

മുക്കം: കളന്‍തോട് കെഎംസിടി പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. തടയാനെത്തിയ പോലീസുകാരന് മര്‍ദനമേറ്റു. മുക്കം പോലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഷഫീഖിനാണ് മര്‍ദനമേറ്റത്. ഹോക്കി സ്റ്റിക്കും പട്ടികയും ഉപയോഗിച്ചാണ് ഷഫീഖിനെ മര്‍ദിച്ചത്. മുഖത്തും തോളിനും പരിക്കേറ്റ ഷഫീഖിനെ മണാശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോളജില്‍ സംഘര്‍ഷം നടക്കുന്നുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മുക്കം സ്റ്റേഷനിലെ നാല് പോലിസുകാര്‍ കളന്‍തോട് കെഎംസിടി കോളജിലേക്ക് പോയത്. കോളജിലെത്തിയ ഉടന്‍ മൂന്ന് പോലീസുകാര്‍ വിദ്യാര്‍ഥികളെ ഓടിയ്ക്കാനായി സംഘര്‍ഷം നടക്കുന്ന ഭാഗത്തേക്ക് പോയി. പോലീസുകാരെ ഇറക്കി ജീപ്പ് പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് പത്തോളം വിദ്യാര്‍ഥികളെത്തി ഷഫീഖിനെ മര്‍ദ്ദിച്ചത്. കോളജില്‍ സംഘര്‍ഷം തുടര്‍ക്കഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് തിരിഞ്ഞാണ് വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്നത്. ബുധനാഴ്ചയുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിനായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന വിദ്യാര്‍ഥികളുടെ ഉറപ്പിന്മേലാണ് പ്രശ്‌നം പരിഹരിച്ചത്. ഇത് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് കോളജ് കാംപസില്‍ വെച്ച് പോലീസുകാരനെ മര്‍ദിച്ചത്.

RELATED STORIES

Share it
Top