കെഎംസിടി കോളജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കി

മുക്കം: കളന്‍തോട് കെഎംസിടി മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതായി പരാതി. കറുത്തപറമ്പ് എള്ളങ്ങല്‍ ദീപക് ആണ് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരതക്ക് ഇരയായത്. പണമാവശ്യപ്പെട്ട മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ദീപക്കിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് തലയ്ക്കും മുഖത്തും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ ദീപക്കിനെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പ് ദീപക്കിന്റെ സുഹൃത്തിനെ നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയിരുന്നു. പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ച് ഇത്തരത്തില്‍ ഇനി റാഗിങ് ഒന്നുംതന്നെ ഉണ്ടാവില്ല എന്ന് എഴുതി ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക് ക്രൂരമായ റാഗിങ്ങിന് ഇരയാകുന്നത്. റാഗിങുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ദീപക് മുക്കം പോലിസിനും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top