കെഎംസിടിക്ക് 50 അധിക സീറ്റുകള്‍; ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കെഎംസിടി മെഡിക്കല്‍ കോളജിന് 50 അധിക സീറ്റുകള്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. കൗണ്‍സിലിന്റെ ഹരജിയില്‍ അടുത്ത ബുധനാഴ്ച സുപ്രിംകോടതി വിശദമായി വാദം കേള്‍ക്കും.
അധിക സീറ്റുകള്‍ അനുവദിച്ചുകൊണ്ട് മൂന്നു ദിവസത്തിനകം ഉത്തരവിറക്കണമെന്ന ഹൈക്കോടതി വിധിയെ സുപ്രിംകോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കെഎംസിടി, കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജുകള്‍ അധികമായി നല്‍കിക്കൊണ്ടിരുന്ന 50 സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇക്കൊല്ലം നിഷേധിച്ചിരുന്നു.
ഇതിനെതിരേ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോളജുകള്‍ക്ക് അധികമായി സീറ്റുകള്‍ അനുവദിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കോളജ് മാനേജ്‌മെന്റുകളുടെ വാദം കോടതിയെ സമ്മര്‍ദത്തിലാക്കുന്നതാണെന്നാണ് ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ബെഞ്ച് നിരീക്ഷിച്ചത്.

RELATED STORIES

Share it
Top