കൃഷി വകുപ്പ് തലപ്പത്ത് ഉദ്യോഗസ്ഥ പോര്തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കൃഷി വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ തുറന്ന പോര്. കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പരസ്യ വാക്‌പോരില്‍ എത്തിയത്. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന ആരോപണമാണ് രാജു നാരായണസ്വാമി ഉന്നയിച്ചിരിക്കുന്നത്.  തെളിവുകള്‍ കൈവശമുണ്ട്. ഐഎഎസ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ബിജു പ്രഭാകറിന് ഐഎഎസ് നല്‍കിയവരും കുടുങ്ങും. മുന്‍മന്ത്രി തച്ചടി പ്രഭാകരന്റെ മകനായതുകൊണ്ടാണ് ബിജുവിന് ഐഎഎസ് ലഭിച്ചത്. വ്യവസായമന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് ബിജു പ്രഭാകര്‍ ഇടപെട്ട് നിയമനം നല്‍കിയത് ചട്ടം ലംഘിച്ചാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷ പരിശീലന പരിപാടിയില്‍ ഇസ്രായേലില്‍നിന്നുള്ള ഒരാളെ പങ്കെടുപ്പിച്ച് ക്ലാസെടുപ്പിച്ചതിന് അനധികൃതമായി തുക ചെലവാക്കിയിട്ടുണ്ടെന്നും രാജു നാരായണസ്വാമി ആരോപിച്ചു. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ തുറന്ന പോരിലേക്ക് എത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ രാജു നാരായണസ്വാമി റിപോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘനാളത്തെ അവധിക്ക് കത്തു നല്‍കിയാണ് ബിജു പ്രഭാകര്‍ പ്രതിഷേധിച്ചത്. വിസിറ്റിങ് വിസയിലെത്തിയ ഇസ്രായേല്‍ സംഘത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരുലക്ഷം രൂപ നല്‍കണമെന്ന് ബിജു പ്രഭാകര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫിനോട് ആവശ്യപ്പെട്ടു. സാലി ജോസഫ് ആവശ്യം നിരസിച്ചു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് അവരെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി. സാലി ജോസഫ് തനിക്കു പരാതി നല്‍കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസും കൊടുത്തു. ഈ സാഹചര്യത്തില്‍ ഓഫിസിലെ ഫയലുകള്‍ മുഴുവനും വിളിച്ചുവരുത്തുക മാത്രമാണ് താന്‍ ചെയ്തത്. അഴിമതിയുണ്ടോ എന്ന് ഇനി പരിശോധിക്കേണ്ട കാര്യമാണെന്നും സ്വാമി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളില്‍ യാതൊരു വാസ്തവവുമില്ലെന്നും രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു. ചട്ടങ്ങള്‍ പാലിച്ച് ജോലി ചെയ്താലും വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണെന്ന് ബിജു പ്രഭാകര്‍ പ്രതികരിച്ചു. അതിനാലാണ് താന്‍ ദീര്‍ഘനാളത്തെ അവധിയില്‍ പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വാക്‌പോരാണെന്നായിരുന്നു കൃഷിമന്ത്രി സുനില്‍കുമാറിന്റെ പ്രതികരണം.

RELATED STORIES

Share it
Top