കൃഷിയുടെ നല്ല കാലം ഓര്‍മപ്പെടുത്തി വീണ്ടുമൊരു ഞാറ്റുവേല

പൊന്നാനി: കൃഷിയുടെ നല്ല കാലം ഓര്‍മപ്പെടുത്തി വീണ്ടുമൊരു ഞാറ്റുവേല. ഓരോ ഞാറ്റുവേലയിലും എന്തു നടണം, എങ്ങനെ പരിപാലിക്കണം എന്നൊക്കെ കര്‍ഷകര്‍ക്കോരോ ശീലങ്ങളുണ്ട്. പദ്യരൂപത്തിലും പഴമൊഴിയായും ചൊല്ലുകളായും കൈമാറി കിട്ടിയ പാരമ്പര്യ സ്വത്ത്.
തിരുവാതിര ഞാറ്റുവേല. വര്‍ഷം മുഴുവന്‍ ഞാറ്റുവേലയുണ്ടെങ്കിലും തിരുവാതിര ഞാറ്റുവേലയേ പൊതുവെ മലയാളികള്‍ ഓര്‍മിക്കുന്നുള്ളൂ. ഞാറ്റുവേലകള്‍ നോക്കിയാണു പണ്ട് കൃഷി ചെയ്തിരുന്നതും കാലം കണക്കാക്കിയിരുന്നതും. ഞാറ്റുവേലകളില്‍ ഏറ്റവും വിശേഷപ്പെട്ട തിരുവാതിര ഞാറ്റുവേലയാണിപ്പോള്‍. 22നു തുടങ്ങിയ ഞാറ്റുവേല ജൂലൈ ആറിനാണ് അവസാനിക്കുക. ഏതാണ്ട് ആറു ഞാറ്റുവേലകളില്‍ കൂടിയാണു കാലവര്‍ഷം കടന്നുപോവുന്നത്.
തുലാവര്‍ഷം കണ്ടുനിന്നവരും ഇടവപ്പാതി കണ്ടുപോയവരും എന്ന നാടന്‍ ചൊല്ലില്‍നിന്നുതന്നെ രണ്ടു വര്‍ഷങ്ങളുടെയും സ്വഭാവം വ്യക്തമാവുന്നു. ഉച്ചതിരിയും നേരം തുടങ്ങി പിറ്റേന്ന് വെളുപ്പാന്‍കാലം വരെ തോരാതെ പെയ്തുകൊണ്ടിരിക്കുന്ന ഒരു രീതിയാണ് തുലാവര്‍ഷത്തിലെ മഴയ്ക്ക് കണ്ടുവരാറുള്ളത്. എന്നാല്‍, ഇടവപ്പാതി കനത്ത ശക്തിയില്‍ പെയ്യുകയും പിന്നെ കുറേ നേരം ഒഴിവായിരിക്കുകയും ചെയ്യും.
ഇത്തവണ ഞാറ്റുവേലയ്ക്ക് കാര്യമായി മഴ പെയ്തിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്‍കൃഷി അശ്വതി മുതല്‍ ചോതി വരെയുള്ള 15 ഞാറ്റുവേലകളിലാണു പരന്നുകിടക്കുന്നത്. ഈ സമയപരിധിയിലാണു തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും വടക്ക് കിഴക്കന്‍ കാലവര്‍ഷവും ലഭ്യമാവുക.
മഴ മദിച്ചുപെയ്യേണ്ട തിരുവാതിര ഞാറ്റുവേല ഒന്നാംവിള നെല്ല് പറിച്ചുനടാന്‍ പറ്റിയ അനുകൂല സമയമാണ്. നെല്‍കൃഷിക്ക് മാത്രമല്ല, കുരുമുളക് കൃഷിക്കും തിരുവാതിര ഞാറ്റുവേല കൂടിയേ തീരൂ.

RELATED STORIES

Share it
Top