കൃഷിയിറക്കാന്‍ സൗകര്യമൊരുക്കണമെന്ന്

എരുമപ്പെട്ടി: പതിയാരം മലയകം കാവലന്‍ചിറ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍. കടങ്ങോട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ചേര്‍ന്ന കര്‍ഷക ഗ്രാമസഭയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കര്‍ഷക ഗ്രാമസഭ വിളിച്ച് ചേര്‍ത്തത്.
എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കാവലന്‍ചിറ പാടശേഖരത്തിലെ മുപ്പത് ഏക്കര്‍ വരുന്ന നെല്‍വയല്‍ പ്രതികൂല സാഹചര്യങ്ങളാല്‍ കൃഷിയിറക്കാന്‍ കഴിയാതെ തരിശിട്ട് കിടക്കുകയാണ്. ഇരുപൂ കൃഷിയിറക്കിയിരുന്ന പാടശേഖരത്തില്‍ വേനലില്‍ മതിയായ വെള്ളം ലഭിക്കാത്തതാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ മുഖ്യ കാരണം.
കാര്‍ഷിക ജലസേചനത്തിനായി സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കോടി രൂപ ചിലവഴിച്ച് പ്രധാന ജലശ്രോതസായ കാവലന്‍ചിറ നവീകരിച്ചെങ്കിലും പാടശേഖരത്തിലെ പകുതിയിലതികം പ്രദേശങ്ങളിലേക്ക് വേനലില്‍ ഇപ്പോഴും വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. കടങ്ങോട് പഞ്ചായത്തില്‍ ഉള്‍പെടുന്ന പാടശേരങ്ങളിലേക്ക് വെള്ളം വിട്ട് നല്‍കാന്‍ എരുമപ്പെട്ടി പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് വാര്‍ഡ് മെംബര്‍ ടി പി ജോസഫ് ആരോപിക്കുന്നു.
ഇതിന് പരിഹാരമായി കടങ്ങോട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പാടശേരത്തില്‍ രണ്ടോ മൂന്നോ ചെറുകുളങ്ങള്‍ നിര്‍മിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ജലക്ഷാമത്തിന് പുറമെ പാടശേഖരത്തിന് സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാമുകളാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.
മാലിന്യം നിര്‍മ്മാജനം ചെയ്യാന്‍ സൗകര്യമില്ലാതെ പ്രവര്‍ത്തിക്കുന്ന പന്നിഫാമുകളില്‍ നിന്ന് വിസര്‍ജ്യവും മറ്റു അവശിഷ്ടങ്ങളും പാടശേഖരങ്ങളിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നു. പന്നിഫാമുകളുടെ പ്രവര്‍ത്തനം തടയണമെന്നും ജലസേചന സൗകര്യം ഒരുക്കുന്നതിനോടൊപ്പം കൃഷി സുഖമമാക്കാന്‍ കാര്‍ഷിക യന്ത്രങ്ങള്‍ അനുവദിക്കണമെന്നും ഗ്രാമസഭയില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വിളകള്‍ നശിപ്പിക്കുന്ന കാട്ട് പന്നികളെ തടയാന്‍ വനംവകുപ്പിന്റെ സഹകരണത്തോടെ വേലികള്‍ സ്ഥാപിക്കണമെന്നതാണ് കര്‍ഷകരുടെ മറ്റൊരാവശ്യം. ഗ്രാമസഭയില്‍ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഗ്രാമപഞ്ചായത്തും കൃഷിഭവനും അറിയിച്ചു.

RELATED STORIES

Share it
Top