കൃഷിയിടത്തില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതായി പരാതിമാള: കൃഷിയിടത്തില്‍ കരിങ്കല്ലും സിമന്റ് കട്ടയുമുപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതായി പരാതി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കൊച്ചുകടവ് അംഗന്‍വാടിക്ക് സമീപമാണ് പറമ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കൃഷിഭൂമി മതില്‍ കെട്ടി തിരിക്കുന്നത്. തെങ്ങും വാഴയും വച്ച് നികത്തിയെടുക്കുന്ന പരമ്പരാഗത രീതി തന്നെയാണിവിടേയും അനുവര്‍ത്തിക്കുന്നത്. ഇതുമൂലം പരിസരത്തെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കാനാകാത്ത സാഹചര്യം സംജാതമാകുമെന്നാണ് കര്‍ഷകരുടെ പരാതി. പ്രധാനമായും ഇറിഗേഷന്‍ വെള്ളം കൃഷിയിടത്തിലേക്ക് തുറന്ന് വിടാനാകില്ലെന്നാണ് അവര്‍ പറയുന്നത്. സമീപത്തെ പലയിടത്ത് നിന്നും മണ്ണെടുക്കുകയും നികത്തുകയും ചെയ്തതിനാല്‍ നിലവില്‍ തന്നെ കിണറുകളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവില്‍ മതില്‍ പണിയുന്നതിന് സമീപത്തെ സ്ഥലത്ത് സമാന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴും നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. അതാണിപ്പോഴത്തെ കൃ ഷിയിടത്തിലെ നിര്‍മാണ പ്രവര്‍ത്തനത്തിന് പ്രചോദനമായതെന്നാണ് നാട്ടുകാരില്‍ നിന്നുമുള്ള ആക്ഷേപം. കൃഷി വകുപ്പും റവന്യൂ വകുപ്പും ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നെല്‍കൃഷിയെ സംരക്ഷിക്കുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനുമായി സത്വര നടപടികള്‍ വേണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top