കൃഷിയിടത്തിലേക്ക് കടപുഴകിവീണ വന്‍മരം നീക്കാന്‍ നടപടിയായില്ല

സുല്‍ത്താന്‍ ബത്തേരി: വ്യാപക നാശംവരുത്തി കൃഷിയിടത്തിലേക്ക് വീണ വന്‍മരം മുറിച്ചുനീക്കാന്‍ നടപടിയായില്ല. ഇതുകാരണം വീണ്ടും കൃഷിയിറക്കാനാവാതെ കര്‍ഷകന്‍ വലയുന്നു. നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് സുനിലിന്റെ കൃഷിയിടത്തിലാണ് പാതയോരത്ത് നിന്നു വീണ മരം അഞ്ചുമാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത്. മരത്തിന്റെ അവകാശം തങ്ങള്‍ക്കല്ലെന്നു പൊതുമരാമത്ത് വകുപ്പും വനംവകുപ്പും നിലപാടെടുത്താതാണ് കാരണം. 2017 ഒക്ടോബര്‍ 13നാണ് സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ അന്തര്‍സംസ്ഥാന പാതയില്‍ നൂല്‍പ്പുഴയ്ക്ക് സമീപം മൂക്കുത്തിക്കുന്നില്‍ പാതയോരത്ത് നിന്ന വന്‍മരം കടപുഴകി സമീപത്തെ കൃഷിയിടത്തിലേക്ക് വീണത്. മരം വീണതിന്റെ ആഘാതത്തില്‍ 20 സെന്റോളം വരുന്ന കൃഷിയിടത്തിലെ തെങ്ങുകള്‍, കവുങ്ങുകള്‍, കാപ്പി, വാഴ എന്നിവ നശിച്ചു. ഇതുവഴി വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകന് ഉണ്ടായത്. മരം വീണുകിടക്കുന്ന ഭാഗത്ത് ഒരു കൃഷിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സുനില്‍ പൊതുമരാമത്ത്, വനംവകുപ്പുകളെ സമീപച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. മരത്തിന്റെ അവകാശം തങ്ങള്‍ക്കല്ല, വനംവകുപ്പിനാണ് എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. വനംവകുപ്പ് തിരിച്ചും നിലപാട് സ്വീകരിച്ചതോടെ വെട്ടിലായത് ഈ കര്‍ഷകനാണ്. വീണ മരത്തിന് പുറമെ പ്രദേശത്ത് വേറെയും വന്‍മരങ്ങള്‍ ഇത്തരത്തില്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്നുണ്ട്. വകുപ്പുകള്‍ അനാസ്ഥ വെടിഞ്ഞ് എത്രയും വേഗം മരം നീക്കംചെയ്യണമെന്നാണ് സുനിലിന്റെ ആവശ്യം.

RELATED STORIES

Share it
Top