കൃഷിഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിവാസികള്‍ ജീവിതം പറയുന്നു

അട്ടപ്പാടിയില്‍ സംഭവിക്കുന്നത് -3 - പി എച്ച് അഫ്‌സല്‍

''കൃഷിപ്പണിയൊന്നും നടക്കുന്നില്ല. മഴ നിന്നതോടെ നട്ടതെല്ലാം ഉണങ്ങിപ്പോയി. ഊരില്‍ ഒരിടത്തും വെള്ളമില്ല. വെള്ളമെത്തിക്കാമെന്ന് പഞ്ചായത്തുകാര്‍ പറഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയുമില്ല''- രണ്ടേക്കറിലധികം കൃഷിഭൂമിയുള്ള ചിണ്ടക്കി ഊരിലെ മല്ലന്‍ എന്ന ആദിവാസിയുടേതാണ് വാക്കുകള്‍.
കൃഷിയിറക്കാന്‍ വെള്ളമില്ലാത്തതാണ് ചിണ്ടക്കി ഊരുനിവാസികളുടെ പ്രധാന പ്രശ്‌നം. പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുടിവെള്ളം പോലുമില്ലാതായതോടെ ആദിവാസികള്‍ സ്വന്തം ചെലവില്‍ വെള്ളമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഒരു കിലോമീറ്റര്‍ ദൂരെ മലമുകളില്‍ നിന്നാണ് ഊരിലേക്ക് വെള്ളമെത്തിക്കുന്നത്. പൈപ്പിടാനും മറ്റുമായി 2000 രൂപ വീതം ഓരോ വീട്ടുകാര്‍ക്കും ചെലവായി. പണം കൊടുക്കാന്‍ വകയില്ലാത്തവര്‍ക്ക് വെള്ളവുമില്ല.
സമാനമാണ് മറ്റ് ഊരിലെയും അവസ്ഥ. ഗോഞ്ചിയൂരില്‍ അഞ്ചു വര്‍ഷമായി കൃഷി നിര്‍ത്തിയിട്ടെന്ന് ഊരുമൂപ്പന്‍ പറഞ്ഞു. ജലസേചനമില്ലാത്തതു തന്നെയാണ് പ്രധാന പ്രശ്‌നം. ആനശല്യവും രൂക്ഷമാണ്. കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ടതാണ് ഇവരുടെ പ്രധാന പ്രശ്‌നം. കൃഷിയിടത്തില്‍ തന്നെ കൂര കെട്ടി താമസിക്കുന്നവരായിരുന്നു ആദിവാസികള്‍. തിന, ചോളം, തുവര, അമര എന്നിവയെല്ലാം കൃഷി ചെയ്തു. ഗോത്രസമൂഹത്തിന് എവിടെയും സംഭവിച്ചതുപോലെ ഇവരെയും കൃഷിഭൂമിയില്‍ നിന്ന് അകറ്റി.
പതുക്കെപ്പതുക്കെ ആദിവാസികള്‍ കൃഷിയില്‍ നിന്ന് അകന്നതോടെ കൈയേറ്റക്കാരും ഭൂമാഫിയയും ഇവരുടെ ഭൂമി സ്വന്തമാക്കാന്‍ തുടങ്ങി. കൈയേറ്റക്കാര്‍ക്ക് അരുനില്‍ക്കുന്ന നടപടികളാണ് അതത് കാലത്തെ രാഷ്ട്രീയ നേതൃത്വവും ഭരണവര്‍ഗവും ചെയ്തത്. ധാന്യങ്ങളും പയറുവര്‍ഗങ്ങളും വിളയിച്ചിരുന്ന ഭൂമിയില്‍ കഞ്ചാവുലോബിയും പിടിമുറുക്കി. പുതൂര്‍ പഞ്ചായത്തിലും ഷോളയൂരിലും കഞ്ചാവുകൃഷി വ്യാപകമായതായി ആദിവാസികള്‍ തന്നെ സമ്മതിക്കുന്നു.
വംശീയ അതിക്രമങ്ങളും കൃഷിഭൂമി നഷ്ടപ്പെട്ടതുമാണ് ആദിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഇതില്‍ അവസാനത്തേത് മാത്രം. സ്വര്‍ണ പിരിവിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി തിലകമണി, വെള്ളക്കുളത്തെ നടരാജ് തുടങ്ങി അട്ടപ്പാടിയില്‍ നിരവധി മൃഗീയ കൊലപാതകങ്ങള്‍ ഇതിനു മുമ്പ് നടന്നിട്ടുണ്ട്. കാറ്റാടി കമ്പനി ഉള്‍പ്പെടെയുള്ള ഭൂമാഫിയകള്‍ ആദിവാസിഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ട വരംഗപാടിയിലെ പൊന്നിയമ്മയെ പിന്നീട് കണ്ടത് ഷോളയൂര്‍ പോലിസ് സ്‌റ്റേഷനോട് ചേര്‍ന്ന വേലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
ഗൂളിക്കടവിലെ ആദിവാസി കുടിലുകള്‍ തീയിട്ട് നശിപ്പിച്ചതും നല്ലശിങ്കയിലെ ചെത്തിക്കരയില്‍ വ്യാജരേഖകളുണ്ടാക്കി ആദിവാസിഭൂമി തട്ടിയെടുത്തതും ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളും ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നാണ്. 1996ലും 1999ലും ആദിവാസികള്‍ക്ക് പട്ടയം നല്‍കിയ അധ്വാപ്പെട്ടിയിലെയും വരടിമലയിലെയും ഭൂമി വര്‍ഷമിത്രയായിട്ടും അളന്നുനല്‍കിയില്ല. കൃഷി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ആദിവാസി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയില്ല. ചിറ്റൂര്‍ എവിപിഐ പദ്ധതിയുടെ പേരിലും ആദിവാസികളെ വ്യാപകമായി കുടിയൊഴിപ്പിച്ചു.
ആദിവാസികളില്‍ ഒരേക്കര്‍ മുതല്‍ 10 ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവരുണ്ടെങ്കിലും കൃഷി ചെയ്യാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്‌നം. മിക്ക ആദിവാസികള്‍ക്കും പട്ടയമോ ആവശ്യമായ രേഖകളോ ഇല്ല. കൃഷിക്ക് വായ്പയെടുക്കാനോ സര്‍ക്കാരിന്റെ പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യാനോ ഇതുമൂലം കഴിയില്ല. ഭൂമിയുടെ ഉടമകളായ ആദിവാസി കര്‍ഷകര്‍ ഫണ്ടിങ് ഏജന്റുമാരുടെ കൂലിക്കാര്‍ മാത്രമായി മാറി. കാര്‍ഷിക മേഖല തകര്‍ന്നു. കൃഷിഭൂമി തരിശായി.
ശിശുമരണവും പോഷകാഹാരക്കുറവും പട്ടിണിയുമാണ് ആദിവാസിയുടെ പ്രശ്‌നങ്ങളെന്നു പ്രചാരണം നടത്തുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. ഒരുഘട്ടത്തില്‍ അട്ടപ്പാടിയില്‍ നിശ്ശബ്ദ വംശഹത്യ നടക്കുന്നുവെന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സര്‍ക്കാര്‍ ഇതര സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും വ്യാപകമായി പ്രചരിപ്പിച്ചു. 2012-13 കാലഘട്ടത്തിലെ ശിശുമരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നിശ്ശബ്ദ വംശഹത്യ എന്ന പേരില്‍ മലയാളിയെ ഞെട്ടിച്ച പഠനങ്ങള്‍ പുറത്തുവിട്ടത്.

അട്ടപ്പാടിയിലെ ശിശുമരണങ്ങളെയും നിശ്ശബ്ദ വംശഹത്യയെയും കുറിച്ച് നാളെ.

RELATED STORIES

Share it
Top