കൃഷിഭവന്‍ അക്രമം: പ്രതികളെ ഇനിയും പിടികൂടിയില്ല

ശാസ്താംകോട്ട: പുതുവല്‍സരാഘോഷത്തിന്റെ മറവില്‍ മൈനാഗപ്പള്ളി കൃഷിഭവന്‍ അക്രമിച്ച കേസിലെ പ്രതികളെ സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാനാവതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു. ഡിസംബര്‍ 31രാത്രിയിലാണ് ഒരു പറ്റം ചെറുപ്പക്കാര്‍ മൈനാഗപ്പള്ളി കൃഷിഭവന് നേരെ അക്രമം നടത്തിയത്. ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും കര്‍ഷകര്‍ക്ക് നല്‍കാനായി മുറ്റത്ത് സൂക്ഷിച്ചിരുന്ന നൂറോളം ഗ്രോബാഗുകള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. സമീപ പ്രദേശത്തെ ചില കടകള്‍ക്ക് നേരെയും അക്രമം ഉണ്ടായി. കൃഷി ഭവനുസമീപത്തുള്ള ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പോലിസിന് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ ഒളിവിലാണെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ ഇവര്‍ പ്രദേശത്ത് തന്നെയുണ്ടന്നും പ്രദേശവാസികളായ ചിലരെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്.ഒരു സര്‍ക്കാര്‍ ഓഫിസിന് നേരെ നടന്ന അക്രമത്തിലെ പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലിസ് നടപടിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ ചിലര്‍ സംരക്ഷിക്കുന്നതായും ആക്ഷേപം ഉണ്ട്. കഴിഞ്ഞ വര്‍ഷവും ഈ സംഘത്തില്‍പ്പെട്ടവര്‍ മൈനാഗപ്പള്ളി ഉദയാ ജങ്ഷന്‍ കേന്ദ്രീകരിച്ച് വലിയ അക്രമം നടത്തിയിരുന്നു. അന്ന് റോഡില്‍ കൂടിപോയ ഒരു കാറിന്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. അന്നും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പുറത്ത് വച്ച് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അന്ന് ശക്തമായ നടപടി പോലിസ് സ്വീകരിച്ചിരുന്നെങ്കില്‍ ഈ വര്‍ഷവും അക്രമം ആവര്‍ത്തിക്കില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

RELATED STORIES

Share it
Top