കൃഷിക്ക് വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു

ചങ്ങനാശ്ശേരി: കൃഷിക്ക് ആവശ്യമായ ജലം കിട്ടാതെ കര്‍ഷകര്‍ വലയുന്നു. പുഞ്ചകൃഷി തുടങ്ങിയ പാടശേഖരങ്ങളില്‍ വെള്ളമില്ലാത്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. ജലനിരപ്പു താഴ്ന്നതും മഴയില്ലാത്തതുമാണു കൃഷിക്ക് ആവശ്യമായ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ പ്രധാന കാരണം.കുട്ടനാട് അപ്പര്‍കുട്ടനാട് പാടശേഖരങ്ങളില്‍ എല്ലാപാടങ്ങളിലും ഇത്തവണ പുഞ്ച കൃഷി തുടങ്ങിയിട്ടുണ്ട്. ഇത്തവണ ആദ്യം വിതച്ച പാടം അപ്പര്‍കുട്ടനാട് പാടമാണ്. ജലനിരപ്പ് താന്നതുമൂലം സമാനമായ രീതിയില്‍ പാടശേഖരങ്ങളിലേക്കുള്ള തോടിന് ആഴം കൂട്ടിയാല്‍ മാത്രമേ കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടുകയുള്ളു. ആറുകളില്‍ നിന്നും കിലോമീറ്ററുകളോളം ദൂരെയാണ് തോടുള്ളത്. ഈ തോടുകളില്‍ ആഴം കൂട്ടിയാല്‍ മാത്രമെ ആവശ്യത്തിന് വെള്ളം ലഭിക്കുകയുള്ളു. ഇതിനുള്ള കൂലി കര്‍ഷകര്‍ തന്നെ കണ്ടെത്തണം. മാത്രവുമല്ല ചുട്ടു പൊള്ളുന്ന വെയിലത്തു ജോലിചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്തതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. തോടിന് ആഴംകൂട്ടാന്‍ പുരുഷ തൊഴിലാളികളാണു വേണ്ടത്. തൊഴിലാളികള്‍ക്ക് 1000 രൂപയാണു ദിവസക്കൂലി. കൂടാതെ ആഹാരവും മറ്റു ചെലവുകളും കര്‍ഷകര്‍ തന്നെ കണ്ടെത്തണം. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാല്‍ പാടശേഖരങ്ങളില്‍ മധ്യ ഭാഗങ്ങളിലെ നെല്‍ചെടികള്‍ കരിഞ്ഞിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

RELATED STORIES

Share it
Top