കൂവപ്പടിയില്‍ പെരിയാര്‍വാലി കനാലില്‍ കക്കൂസ് മാലിന്യം തള്ളി

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് ഓഫിസിന് സമീപം പെരിയാര്‍വാലി കനാലില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലര്‍ച്ചെയാണ് വലിയ ടാങ്കര്‍ ലോറിയില്‍ കനാലില്‍ കക്കൂസ് മാലിന്യം തള്ളിയത്.
കൂടാലപ്പാട്, ചേരാനല്ലൂര്‍, തോട്ടുവ, കൂവപ്പടി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടിവെള്ള കിണറുകളിലേക്കുള്ള നീരുറവ ഈ കനാലില്‍ നിന്നാണ്.
ഏകദേശം ഒരു വര്‍ഷം മുന്‍പ് ഈ കനാലില്‍ തന്നെ സമീപത്തുള്ള നക്ഷത്ര ഹോട്ടലില്‍ നിന്നും മാലിന്യം തള്ളിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടാവുകയും അതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാലിന്യം തള്ളിയവരെയും മാലിന്യം കൊണ്ടുവന്ന വാഹനവും പോലിസ് കണ്ടെത്തിയിരുന്നു.
വലിയ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് കരാര്‍ എടുക്കുന്നവര്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി പ്രധാന റോഡുകളോട് ചേര്‍ന്നുള്ള കനാലുകളില്‍ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ കോടനാട് ഡ്യൂ ലാന്റ് ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് കനാലില്‍ തള്ളിയത്.
നാട്ടുകാര്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ മാലിന്യം തള്ളിയവരെയും മാലിന്യം കൊണ്ടുവന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശികളായ ജയപ്രസാദ്, ശ്രീജിത്ത് എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
മാലിന്യം നീക്കം ചെയ്യുന്നതിന് കരാര്‍ എടുത്തത് എളവൂര്‍ സ്വദേശിയായ ഉത്തമനാണെന്ന് വാഹനത്തിലുള്ളവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്തമന്റെ പേരിലാണ് പിടിയിലായ വാഹനമെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് അറിയിച്ചു. കനാലില്‍ മാലിന്യം തള്ളിയ വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മനോജ് മൂത്തേടന്‍, പഞ്ചായത്ത് മെംബര്‍മാരായ ഹരിദാസ് നാരായണന്‍, സുധ രാജു, മിനിമോള്‍ പൗലോസ്, ശശികല രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി പോലിസ് സ്‌റ്റേഷനിലെത്തി.

RELATED STORIES

Share it
Top