കൂള്‍ ഫിനിഷിങുമായി ധോണി; ബംഗളൂരുവിനെ നാണംകെടുത്തി ചെന്നൈപ്പടബംഗളൂരു: ഐപിഎല്ലിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ബംഗളൂരുവിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ബംഗളൂരുവിനെ ചെന്നൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി  വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവിന്റെയും (82) എം എസ് ധോണിയുടെയും (70*) ബാറ്റിങാണ് ചെന്നൈക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.  റായിഡു 53 പന്തുകള്‍ നേരിട്ട് എട്ട് സിക്‌സും മൂന്ന് ഫോറും അക്കൗണ്ടിലാക്കിയപ്പോള്‍ ധോണി 34 പന്തില്‍ ഏഴ് സിക്‌സറും ഒരു ഫോറും സ്വന്തമാക്കി. ഡ്വെയ്ന്‍ ബ്രാവോ (14) പുറത്താവാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ബംഗളൂരുവിന് കരുത്തായത് എബി ഡിവില്ലിയേഴ്‌സിന്റെയും (68), ക്വിന്റന്‍ ഡി കോക്കിന്റെയും (53) അര്‍ധ സെഞ്ച്വറികളാണ്.ഇരുവരും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 37 പന്തില്‍ നാല് സിക്‌സും ഒരു ഫോറും പറത്തിയ ഡികോക്കിനെ ഡ്വെയ്ന്‍ ബ്രാവോ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീടും ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്ന ഡിവില്ലിയേഴ്‌സ് ശര്‍ദുല്‍ ഠാക്കൂറിനെ തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ അതിര്‍ത്തി കടത്തി. ഒടുവില്‍ ഇമ്രാന്‍ താഹിറിന് കൂറ്റനടിക്ക് ശ്രമിച്ച ഡിവില്ലിയേഴ്‌സ് സാം ബില്ലിങ്‌സിന്റെ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. 30 പന്തില്‍ രണ്ട്  ഫോറും എട്ട് സിക്‌സറും പറത്തിയാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. ചെന്നൈക്ക് വേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.
ജയത്തോടെ ആറ് മല്‍സരത്തില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയും സഹിതം 10 പോയിന്റുള്ള ചെന്നൈ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ആറ് മല്‍സരത്തില്‍ നിന്ന് 283 റണ്‍സുമായി റായിഡു റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി.

RELATED STORIES

Share it
Top