കൂലി ലഭിച്ചില്ല; തൊഴിലുറപ്പ് തൊഴിലാളികള്‍ ആശങ്കയില്‍മാനന്തവാടി: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, മക്കളെ എങ്ങനെ സ്‌കൂളുകളില്‍ പറഞ്ഞയക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ചെയ്ത ജോലിയുടെ കൂലി കിട്ടാത്തതാണ് ഇവരെ പ്രയാസത്തിലാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലുള്ള ആറു മാസത്തെ കൂലിയാണ് ലഭിക്കാനുള്ളത്. 15.87 കോടി രൂപയാണ് ജില്ലയിലെ കൂലി കുടിശ്ശിക. 65,000ത്തോളം  തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട തുകയാണിത്. ഇതില്‍ നിര്‍ധനരും ആദിവാസി തൊഴിലാളികളും നിരവധി.മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് കൂലി ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് യൂനിഫോം, ബുക്കുകള്‍, കുട, ചെരിപ്പ്, ബാഗ് എന്നിവയെല്ലാം തൊഴിലാളികള്‍ വാങ്ങി നല്‍കിയിരുന്നത്. കൂലി ലഭിക്കാതായതോടെ കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങാന്‍ നെട്ടോട്ടമോടുകയാണ് തൊഴിലാളികള്‍. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇത്തരം കുടുംബങ്ങളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടുണ്ടെങ്കിലും കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ തുക വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. കൂലി വിതരണം ചെയ്യാനാവാത്തത് പഞ്ചായത്ത് ഭരണസമിതികളെയും തങ്ങളെയുമാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നു ജീവനക്കാര്‍ പറയുന്നു.

RELATED STORIES

Share it
Top