കൂറ്റന്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ് ഭീഷണിയാവുന്നു

മരട്: ദേശീയപാതയില്‍ സര്‍വീസ് റോഡരികുകളില്‍ കൂറ്റന്‍ ട്രെയിലര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാക്കിയതോടെ വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. വീതികുറവായ സര്‍വീസ് റോഡില്‍ ലോറികള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നതോടെ സ്‌കൂള്‍ വാഹനങ്ങള്‍ക്കുള്‍പ്പെടെ പലപ്പോഴും കടന്ന് പോവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവാറുണ്ട്.
കുണ്ടന്നൂര്‍ മുതല്‍ വടക്കോട്ട് ദേശീയപാതയോട് ചേര്‍ന്നുള്ള വാഹന ഷോറൂമുകളില്‍ വരുന്ന ട്രെയിലര്‍ ലോറികളാണ് ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ദുരിതമുണ്ടാക്കുന്ന വിധം പാര്‍ക്ക് ചെയ്യാറുള്ളത്.
രണ്ടാഴ്ച്ച മുമ്പ് ഇങ്ങനെ പാര്‍ക്ക് ചെയ്തിട്ട് പോയിരുന്ന ലോറികള്‍ക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചത് പ്രദേശവാസികളെ ഭയപ്പെടുത്തുകയുണ്ടായി. ലോറിക്ക് തീപ്പിടിക്കുമെന്നായപ്പോള്‍ നാട്ടുകാരും വഴിയാത്രക്കാരും ഓടിക്കൂടി കൂറ്റന്‍ലോറി തള്ളി നീക്കിയതിനാലാണ് ലോറി കത്തി നശിക്കാതിരുന്നത്.
വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ള അനധികൃത ലോറി പാര്‍ക്കിങ്ങിനെതിരേ പോലിസ് നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാരുടെ വഴിമുടക്കിയായ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top