കൂറു മാറുന്ന ഇരയ്ക്കും ശിക്ഷ

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസുകളില്‍ കൂറുമാറുന്ന ഇരകള്‍ക്കെതിരേയും ശിക്ഷ വിധിക്കാമെന്ന് സുപ്രിംകോടതി. മൊഴി മാറ്റുന്ന പരാതിക്കാരിക്കെതിരേ മെഡിക്കല്‍ റിപോര്‍ട്ട് ഉള്‍പ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ശിക്ഷയാകാവൂ എന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പരാതിക്ക ാരി മൊഴിമാറ്റുകയോ അല്ലെങ്കില്‍ പ്രതികളെ തിരിച്ചറിയാതിരിക്കുകയോ ചെയ്താലും തെളിവുകളുണ്ടെങ്കില്‍ പ്രതികളെ വെറുതെ വിടരുത്. ബലാല്‍സംഗ കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് സുപ്രിംകോടതി ഉത്തരവ്.
2004ല്‍ ഗുജറാത്തിലെ ഗ്രാമത്തില്‍ ഒമ്പതു വയസ്സുകാരി പീഡനത്തിന് ഇരയായതാണ് കേസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അടുത്ത ദിവസം തന്നെ പ്രതി അറസ്റ്റിലായി. വൈദ്യപരിശോധനയിലും കുട്ടി പീഡനത്തിനിരയായെന്നു തെളിഞ്ഞു. തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍, ആറു മാസത്തിനു ശേഷം നടന്ന വിചാരണയ്ക്കിടെ പെണ്‍കുട്ടിയും സംഭവത്തിനു സാക്ഷിയായ സഹോദരിയും കൂറുമാറി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും വീണതു മൂലമുണ്ടായ മുറിവാണിതെന്നും പെണ്‍കുട്ടി മൊഴിമാറ്റി.
ഇതോടെ പ്രതിയെ വിചാരണക്കോടതി വെറുതെ വിട്ടു. എന്നാല്‍, അപ്പീലില്‍ വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വൈദ്യപരിശോധനാ റിപോര്‍ട്ട് പരിഗണിച്ച് പ്രതിയെ ശിക്ഷിച്ചു. ഇത് ചോദ്യം ചെയ്താണ് പ്രതി സുപ്രിംകോടതിയെ സമീപിച്ചത്. പീഡനം നിഷേധിച്ച പെണ്‍കുട്ടിയുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. ലൈംഗിക അതിക്രമം പോലുള്ള ഗൗരവമുള്ള കേസുകള്‍ മൊഴിമാറ്റിപ്പറഞ്ഞ് ഇരകള്‍ തന്നെ കേസിനെ അട്ടിമറിക്കുന്നത് കോടതിക്കു നോക്കിനില്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് ഗൊഗോയ് നിരീക്ഷിച്ചു. ക്രിമിനല്‍ കേസിലെ വിചാരണാ നടപടികള്‍ സത്യം തേടിയുള്ള അന്വേഷണമാണ്. പരാതികളില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ഏതു ശ്രമവും കോടതി നടത്തണം.
പ്രതികളെ രക്ഷിക്കാനാണ് ഇര മൊഴിമാറ്റുന്നതെന്നു കോടതിക്കു ബോധ്യപ്പെട്ടാല്‍ കൂറുമാറ്റത്തിന്റെ പേരില്‍ ഇരയെ പ്രോസിക്യൂട്ട് ചെയ്യണം. ഇര മൊഴിമാറ്റിയെന്നതുകൊണ്ട് സത്യം പുറത്തുകൊണ്ടുവരുന്നതില്‍ നിന്നു കോടതി പിന്‍മാറരുത്. ഈ കേസില്‍ ഇരയായ പെണ്‍കുട്ടി കുടുംബവുമായി ജീവിക്കുന്നത് പരിഗണിച്ച് അവര്‍ക്കെതിരേ വിചാരണാ നടപടിക്ക് ഉത്തരവിടുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top