കൂരിരുട്ടിലെ പൂനിലാവ്ഇരുട്ടിനു കട്ടിയേറുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പ്രകാശത്തിന്റെ ശോഭ ഏറെ പ്രശോഭിതമായിരിക്കും. ഭൗതികമായ ഇരുട്ടിനേക്കാള്‍ അപകടകരമാണ് മനസ്സിന്റെ അന്ധകാരം. മനസ്സ് അന്ധമായാല്‍ മനുഷ്യന്‍ തികച്ചും അക്രമിയാകും. പ്രകാശം തെളിക്കാനില്ലാത്ത മനസ്സിന്റെ കൂട്ടാളി പിശാചായിരിക്കും എന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. പിശാചുക്കള്‍ മനുഷ്യരെ അന്ധകാരങ്ങളിലേക്ക് നയിക്കുമെന്ന് പ്രത്യേകം ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. അക്രമവും മര്‍ദനങ്ങളും അനീതിയുടെ തേര്‍വാഴ്ചയുമായിരിക്കും പൈശാചിക പ്രവര്‍ത്തനങ്ങളുടെ ആകത്തുക. ലോകം അതിനു പല തവണ സാക്ഷിയായിട്ടുണ്ട്. ആവര്‍ത്തിക്കപ്പെടുക എന്നത് ചരിത്രത്തിന്റെ പ്രകൃതമാണ്. കഴിഞ്ഞുപോയ ഇരുണ്ട യുഗങ്ങളെ കടത്തിവെട്ടുന്ന അക്രമങ്ങളിലേക്ക് സമകാലിക ലോകം കൂപ്പുകുത്തുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മൃഗങ്ങളുടെ പേരില്‍ മനുഷ്യരെ പരസ്യമായി പച്ചയ്ക്ക് തല്ലിക്കൊല്ലുന്ന ഒരു കൂട്ടര്‍ ചരിത്രത്തില്‍ മുമ്പ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, ഇന്നു നമ്മുടെ നാട്ടില്‍ അതുണ്ടായിരിക്കുന്നു. അതിനെ മഹത്ത്വവല്‍ക്കരിക്കാനും ഒത്താശ ചെയ്തുകൊടുക്കാനും അധികാരിവര്‍ഗവും ഒപ്പമുണ്ട്. ന്യൂനപക്ഷങ്ങളും ദലിതുകളും പീഡിപ്പിക്കപ്പെടുന്നു. ഭരണകൂടങ്ങളും ന്യായാസനങ്ങളും അതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. എന്നു മാത്രമല്ല, പലപ്പോഴും അവയ്‌ക്കൊക്കെ അനുകൂലമായ നിലപാടുകളും എടുക്കുന്നു. ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഫാഷിസത്തിന്റെ അടിസ്ഥാന നയമാണല്ലോ. അതേതാണ്ട് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. മുസ്‌ലിംകള്‍, ദലിതര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരും ഇന്നൊരുതരം ഭീതിയിലാണ്. അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങളാണ് ദിനേന ഉണ്ടാവുന്നത്. പക്ഷേ, ചരിത്രം നന്നായി അറിയുന്നവന് ഇതൊന്നും പുതിയതല്ലെന്നു മനസ്സിലാവും. ജീവിതത്തെക്കുറിച്ച് ശരിയായ അറിവോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാതിരുന്ന അജ്ഞാനികള്‍ മുമ്പ് പലപ്പോഴും ഇത്തരം അക്രമങ്ങള്‍ കാട്ടിയിട്ടുണ്ട്. അവരൊക്കെ വലിയ കൊമ്പന്‍മാരായിരുന്നിട്ടും ഒടുവില്‍ തകര്‍ന്നടിയുകയാണുണ്ടായത്. 'മുഅ്മിന്‍'’എന്ന അറബി വാക്കിന് 'സത്യവിശ്വാസി' എന്നാണ് നേര്‍ക്കുനേെരയുള്ള അര്‍ഥമെങ്കിലും 'സുരക്ഷിതന്‍' എന്നാണ് അതിന്റെ ധ്വനി. അതുപോലെ മുസ്‌ലിം എന്നാല്‍ സമര്‍പ്പിതന്‍ എന്നാണ് പദാര്‍ഥമെങ്കിലും 'സുരക്ഷിതന്‍' എന്നാണ് അതിന്റെയും വിവക്ഷ. എല്ലാം സ്വന്തം സ്രഷ്ടാവിനു സമര്‍പ്പിച്ച് സുരക്ഷിതനാവുന്നവന്‍ എന്നര്‍ഥം. അങ്ങനെയുള്ള മനുഷ്യര്‍ക്ക് ഭൂമിയില്‍ നിലനില്‍ക്കാന്‍ മറ്റാരുടെയും ഔദാര്യം വേണ്ട. ആരെങ്കിലും വിചാരിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യാനും സാധ്യമല്ല. മനുഷ്യജീവികളുടെ ഇടയില്‍ സത്യത്തിനു സാക്ഷിയാവാന്‍ അല്ലാഹു നിയോഗിച്ച ഒരു വിഭാഗമാണവര്‍. ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തുമ്പോള്‍ അവര്‍ക്കു പല പരീക്ഷണങ്ങളും വരും. ഉത്തരവാദിത്ത നിര്‍വഹണത്തിനായി അവര്‍ മാര്‍ഗദര്‍ശനത്തിലേക്ക് ആത്മാര്‍ഥമായി തിരിയുമ്പോള്‍ ആത്മവീര്യവും ലഭിക്കും. അതിനാല്‍, മുന്നില്‍ കാണുന്നത് നോക്കി ഭയക്കുകയോ നിരാശരാവുകയോ ചെയ്യാതെ അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ ദൃഢമായി വിശ്വസിച്ച് ഖുര്‍ആന്റെ പ്രയോഗവല്‍ക്കരണത്തിന് സ്വയം സമര്‍പ്പിക്കുകയാണ് മുസ്‌ലിംകള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അപ്പോള്‍ കൊടുംവേനലിലെ കുളിര്‍നീരു പോലെ, കൂരിരുട്ടിലെ പൂനിലാവു പോലെ ഖുര്‍ആന്‍ മനുഷ്യമനസ്സുകള്‍ക്ക് ആശ്വാസമായി വരും.

RELATED STORIES

Share it
Top