കൂട്ടുപുഴ പാലം നിര്‍മാണം: പ്രതിസന്ധി പരിഹരിച്ചില്ല

ഇരിട്ടി: സംസ്ഥാന അതിര്‍ത്തിയായ മാക്കൂട്ടത്ത് പുതിയ സര്‍വേ കല്ല് സ്ഥാപിച്ച് കൂട്ടുപുഴ പാലം നിര്‍മാണം തടഞ്ഞ കര്‍ണാടക വനംവകുപ്പ് നിലപാട് കടുപ്പിച്ചതോടെ പാലം നിര്‍മാണം പ്രതിസന്ധിയിലായി. പാലത്തിന്റെ മറുകര പൂര്‍ണമായും കര്‍ണാടകത്തിന്റെ വനഭൂമിയാണെന്ന വാദം ഉയര്‍ത്തിയാണ് കര്‍ണാടക വനംവകുപ്പ് നിര്‍മാണം തടഞ്ഞിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിന് നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. മാക്കൂട്ടം ബ്രഹ്്മഗിരി വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഒരുമാസം മുമ്പാണ് പാലത്തിന്റെ നിര്‍മാണം തടഞ്ഞ് കത്തു നല്‍കിയത്.
വന്യജീവി സങ്കേതത്തിന്റെ അധീനതയിലുള്ള മൂന്ന് മീറ്ററോളം സ്ഥലം കൈയേറിയാണ് നിര്‍മാണം നടത്തുന്നതെന്നാണ് പറഞ്ഞിരുന്നത്. മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം പൂര്‍ണമായും സംസ്ഥാനത്തിന്റേതാണെന്ന് റവന്യു വകുപ്പ് പറയുന്നുണ്ടെങ്കിലും ഇത് സ്ഥാപിച്ചെടുക്കാനുള്ള ഒരു നടപടിയും റവന്യു വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടില്ല.  പ്രശ്‌നം രമ്യമായി പരിഹരിക്കാനായി കൂര്‍ഗ്് ജില്ലാ ഭരണകൂടവുമായി നേരിട്ടൊരു ചര്‍ച്ചയ്്ക്കു പോലും അവസരം ഉണ്ടാക്കിയിട്ടില്ല. പാലത്തിന്റെ മറുകരയില്‍ റോഡിനോട് ചേര്‍ന്ന ഭാഗം പൂര്‍ണമായും സംസ്ഥാനത്തിന്റേതാണെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഇതിനുള്ള രേഖകളും കൈവശമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കര്‍ണാടക വനം വകുപ്പിന്റെ വാദം തള്ളി നിര്‍മാണവുമായി മുന്നോട്ടുപോവാന്‍ കരാര്‍ കമ്പനിക്ക്് അനുമതി നല്‍കിയിട്ടില്ല.
ഇതോടെ കൂട്ടുപുഴ പാലത്തിന്റെ മാക്കൂട്ടത്തോട് ചേര്‍ന്ന ഭാഗത്തിന്റെ നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെയോ വനംവകുപ്പിന്റെയോ മുന്‍കൂര്‍ അനുമതിയിലെ ഒരുനിര്‍മാണവും നടത്താന്‍ പാടില്ലെന്ന് ഉറച്ച നിലപാടിലാണ് കര്‍ണാടക വനംവകുപ്പ്്്് മാക്കൂട്ടം ബ്രഹഗ്്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നതിന് മുമ്പ് 1908ല്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ചപ്പോള്‍ കൂട്ടുപുഴ പുഴയായിരുന്നു അതിര്‍ത്തിയായി കണക്കാക്കിയിരുന്നത്.
ഇതാണ് കര്‍ണാടക വനംവകുപ്പ് ആധികാരിക രേഖയായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ സംസ്ഥാന രൂപീകരണ സമയത്ത് ഇരു സംസ്ഥാനങ്ങളും അതിര്‍ത്തിയായി കണക്കാക്കിയ രേഖ കാണിക്കാന്‍ അവര്‍ തയ്യാറായില്ല.
സംസ്ഥാന രൂപീകരണ സമയത്തെ അതിര്‍ത്തി നിര്‍ണയ രേഖ പ്രകാരമാണ് മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം സംസ്ഥാനത്തിന്റേതാണെന്ന് റവന്യു വകുപ്പ് പറയുന്നത്. ഇതിന്റെ ആധികാരികത കര്‍ണാടകയെ ബോധിപ്പിക്കാനുള്ള ഉന്നത തല ഇടപെടലുകള്‍ ഉണ്ടാവാത്തതാണ് പ്രതിസന്ധിക്കു പരിഹാരം ഉണ്ടാവാതെ പോവുന്നത്. നേരത്തേ മംഗലാപുരത്ത് സണ്ണിജോസഫ് എംഎല്‍എ കര്‍ണാടക വനം വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ ചര്‍ച്ചയില്‍ ധാരണയെത്തിയിരുന്നു. എന്നാല്‍ വാക്കാലുള്ള അനുമതിയില്‍ നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടുമായി ബ്രഹ്്മഗിരി വന്യജീവി സങ്കേതം അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
സംസ്ഥാനാന്തര പാത എന്ന പരിഗണന വച്ച് പ്രശ്‌നത്തില്‍ ഇടപെടാന്‍ ഉന്നതതലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തിലാവും. ഇരിട്ടി, കൂട്ടുപുഴ പാലം ഉള്‍പ്പെട്ട തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണം ഈ വര്‍ഷം സപ്തംബറില്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

RELATED STORIES

Share it
Top