കൂട്ടുപുഴ പാലം നിര്‍മാണവിവാദം: സംയുക്ത സര്‍വേ നടത്തും

ഇരിട്ടി: സ്ഥലം കൈയേറിയെന്ന് ആരോപിച്ച് കൂട്ടുപുഴ പാലം നിര്‍മാണം തടഞ്ഞ് കര്‍ണാടക വനംവകുപ്പ് ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. സംയുക്ത സര്‍വേയ്ക്കു ശേഷം കര്‍ണാടകയുടെ അധീനതയില്‍ വരുന്ന ഭാഗത്തെ നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്ന് ജില്ലാ ഭരണകൂടം കെഎസ്ടിപിക്കു നിര്‍ദേശം നല്‍കി. പാലത്തിന്റെ മറുകര കര്‍ണാടകത്തിന്റെ വനഭൂമിയാണെന്ന വാദം ഉയര്‍ത്തിയാണ് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതര്‍ നിര്‍മാണം തടഞ്ഞ് കത്ത് നല്‍കിയത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമായതിനാല്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കാണിച്ച് സണ്ണിജോസഫ് എംഎല്‍എ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കെഎസ്ടിപിയില്‍ നിന്നു വിവര ശേഖരണം നടത്തിയ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മടിക്കേരി ജില്ലാ കലക്ടര്‍ ശ്രീവിദ്യയുമായും മടിക്കേരി വൈല്‍ഡ് ലൈഫ് ഡിഎഫ്ഒ ജയയുമായും ഫോണില്‍ സംസാരിച്ചു. കര്‍ണാടകയുടെ അധീനതയിലുള്ള ഭാഗത്ത് നിര്‍മാണം നടത്തുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കുക പോലും ചെയ്തില്ലെന്ന പരാതിയാണ് മടിക്കേരി ജില്ലാ ഭരണകൂടവും വനംവകുപ്പും ഉയര്‍ത്തിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ അതിര്‍ത്തിയില്‍ സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചു. അടുത്ത ആഴ്ച തന്നെ സര്‍വേയ്ക്കുള്ള തിതി നിശ്ചിക്കാമെന്ന്്് മടിക്കേരി കലക്്ടര്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് പാലത്തിന്റെ കാര്‍ണാടകയുടെ ഭാഗത്തോട് ചേര്‍ന്ന നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കെഎസ്ടിപിക്ക് നിര്‍ദേശം നല്‍കിയത്. കെഎസ്ടിപി അസി. എന്‍ജിനീയര്‍ ദിലീപന്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാലം നിര്‍മാണവും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി രേഖയും മറ്റു വിവരങ്ങളും കലക്ടര്‍ക്കു നല്‍കി.   ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ നേതൃത്വത്തില്‍ റവന്യു സംഘം പ്രദേശത്ത് പരിശോധന നടത്തി. കര്‍ണാടകയുടെ വനഭൂമി കൈയേറി ഒരു നിര്‍മാണവും നടന്നിട്ടില്ലെന്നു കണ്ടെത്തി. കര്‍ണാടകയുടെ അധീനതയിലുള്ള പ്രദേശത്ത് പാലം അവസാനിക്കുന്ന ഭാഗത്ത് പുതിയൊരു സര്‍വേക്കല്ല് സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്്. ഇത് കര്‍ണാടകയുടെ ഭൂമിയാണോയെന്നത് സര്‍വേയിലൂടെ മാത്രമേ കണ്ടെത്തനാവൂ. തഹസില്‍ദാര്‍ക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ലക്ഷ്മണന്‍, കെ കെ ശശി, ജീവനക്കാരയ രാജീവന്‍, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ ഭാഗമായാണ് കൂട്ടുപുഴയില്‍ പുതിയ പാലം നിര്‍മിക്കുന്നത്. 1928ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാലം വീതികുറവും അപകട ഭീഷണിയിലുമായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കുന്നത്. പഴയ പാലത്തിന്റെ മറുകരയും കര്‍ണാടക വനമേഖലയോട് ചേര്‍ന്ന ഭാഗത്താണ് അവസാനിക്കുന്നത്. 90 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിര്‍മാണമാണ് തുടങ്ങിയിരുന്നത്.

RELATED STORIES

Share it
Top