കൂട്ടുപുഴ പാലം: കര്‍ണാടകയോട് കേന്ദ്രം റിപോര്‍ട്ട് തേടി

കണ്ണൂര്‍: കൂട്ടുപുഴ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി കെ ശ്രീമതി എംപി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വനം-പരിസ്ഥിതി മന്ത്രാലയം കര്‍ണാടക വനം വകുപ്പിനോട് റിപോര്‍ട്ട് തേടി. തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയുടെ ഭാഗമായി വരുന്ന കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണപ്രവൃത്തി കര്‍ണാടക വനംവകുപ്പ് ഉന്നയിച്ച തടസ്സവാദത്തിന്റെ ഫലമായി പ്രതിസന്ധിയിലായിരിക്കുകയാണ്. മാക്കൂട്ടം ബ്രഹ്്മഗിരി വന്യജീവി സങ്കേതത്തിന്റെ അധീനതയിലുള്ള മൂന്ന് മീറ്ററോളം സ്ഥലം കൈയേറിയാണ് നിര്‍മാണം നടത്തുന്നതെന്ന് ആരോപിച്ചാണ് പാലം നിര്‍മാണം തടഞ്ഞ് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കത്ത് നല്‍കിയത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇടപെട്ടെങ്കിലും കര്‍ണാടക വനംവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചില്ല.
കണ്ണൂര്‍ ജില്ലയെയും കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായ കൂര്‍ഗ് ജില്ലയെയും ബന്ധിപ്പിക്കുന്ന പാത കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്പെടുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്രധാനപ്പെട്ട റോഡാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും റവന്യൂ-ഫോറസ്റ്റ് അധികാരികളുടെ സാന്നിധ്യത്തില്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്താന്‍ നടപടി സ്വീകരിക്കണമെന്നും പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി-വനം വകുപ്പ് മന്ത്രിക്ക് പി കെ ശ്രീമതി എംപി നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

RELATED STORIES

Share it
Top