കൂട്ടുപുഴ പാലം: കര്‍ണാടകയ്ക്ക് കേരളം കത്ത് നല്‍കി

കണ്ണൂര്‍: ജില്ലയില്‍ കെഎസ്ടിപി പ്രൊജക്ടിന്റെ ഭാഗമായി ലോകബാങ്ക് ധന സഹായത്തോടെ നിര്‍മിക്കുന്ന സംസ്ഥാന പാതയായ തലശ്ശേരി-വളവുപാറ റോഡിലെ കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം കര്‍ണാടക വനം വകുപ്പിന്റെ തടസ്സം കാരണം മുടങ്ങിക്കിടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും തടസ്സങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കത്തയച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 209 കോടി ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തി കരാര്‍ പ്രകാരം 2018 സെപ്തംബറില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. എന്നാല്‍ കര്‍ണാടക വനം വകുപ്പ് ഉയര്‍ത്തിയ തടസ്സവാദം കാരണം പ്രവൃത്തിയില്‍ ഉള്‍പ്പെടുന്ന കൂട്ടുപുഴ പാലത്തിന്റെ പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണ്.
പാലത്തിന്റെ ഒരു ഭാഗം കര്‍ണാടക അതിര്‍ത്തിയുമായി ചേര്‍ന്നു കിടക്കുന്ന ഭാഗത്താണ് അവസാനിക്കുന്നത്. ഇത് കര്‍ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും നിര്‍മ്മാണത്തനു പ്രത്യേകാനുമതി മുന്‍കൂറായി വാങ്ങിയില്ലെന്നുമാണ് ബന്ധപ്പെട്ട വനംവകുപ്പ് അധികൃതര്‍ രേഖാമൂലം അറിയിച്ചിട്ടുള്ളത്. തര്‍ക്കമുന്നയിച്ച ഭാഗത്തെ മൂന്നു സ്പാനുകള്‍ ഒഴികെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
ലോകബാങ്കിന്റെ ധനസഹായത്തോടെയുള്ള പ്രവൃത്തിയായതിനാല്‍ നിശ്ചയിക്കപ്പെട്ട സമയക്രമത്തിനുള്ളില്‍ പ്രവൃത്തി തീര്‍ക്കേണ്ടത് അനിവാര്യമാണ്. ഈ പാലം പൂര്‍ത്തിയായാല്‍ കര്‍ണാടക സംസ്ഥാനത്തിനും വളരെയധികം പ്രയോജനം ലഭിക്കും.
കൂര്‍ഗ്, വിരാജ്‌പേട്ട, മടികേരി, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള ദൂരം കുറഞ്ഞ വഴിയായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി. ദശകങ്ങളായി വളരെ നല്ല അന്തര്‍ സംസ്ഥാന ബന്ധം കാത്തു സൂക്ഷിക്കുന്ന കര്‍ണാടകത്തിനും കേരളത്തിനും ഒരു പേലെ പ്രയോജനപ്പെടുന്ന പ്രൊജക്ട് പൂര്‍ത്തീകരിക്കാന്‍ ഇപ്പോള്‍ നിര്‍ത്തിവച്ച കൂട്ടുപുഴ പാലം പണി പുനരാരംഭിച്ച് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പ്രസ്തുത വിഷയത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥതലത്തില്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. ആയതിനാല്‍ ഇക്കാര്യത്തില്‍ മതിയായ പ്രാധാന്യത്തോടെ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് കത്തിലൂടെ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top