കൂട്ടുംപുറത്ത് താഴം- മൂന്നാംപുഴ തോട്: സര്‍വേ നടപടികള്‍ തുടങ്ങി

നരിക്കുനി: മടവൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന കൂട്ടുംപുറത്ത് താഴം-മൂന്നാം പുഴ തോടിന്റെ സ്ഥലം പൂര്‍ണമായി കണ്ടെത്തുന്നതിനായി സര്‍വേ നടപടികള്‍ തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്ത് നിന്ന് തുടങ്ങി വിവിധ വാര്‍ഡുകളിലൂടെ കടന്ന്‌പോയതിന് ശേഷം മൂന്നാം പുഴ ഭാഗത്ത് പൂനൂര്‍ പുഴയില്‍ ചേരുന്ന ഈ തോടിന് 8 കിലോമീറ്റര്‍ നീളമാണുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ ഭാഗങ്ങളില്‍ 17 മുതല്‍ 40 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നതാണ് ഈ തോട്.  മടവൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായിരുന്നു ഈ തോട്. അവഗണനയും കയ്യേറ്റവും കാരണം ചില ഭാഗങ്ങളില്‍ 2 മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ വീതിയുള്ളത്. താലൂക്ക് സര്‍വേ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സര്‍വേ നടപടികള്‍ 2 കിലോമീറ്റര്‍ പിന്നിട്ടു. മടവൂര്‍ ഗ്രാപമഞ്ചായത്ത് പദ്ധതിയില്‍ നീക്കിവെച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത്.
സര്‍വേ ചെയ്ത് കണ്ടെത്തിയ സ്ഥലം അളന്ന് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫൂര്‍, വി സി റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, എ പി നസ്തര്‍, ടി ആലിക്കുട്ടി, ശശി ചക്കാലക്കല്‍, പി കെ സുലൈമാന്‍, ടി കെ അബൂബക്കര്‍, ഭാസ്‌കരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top