കൂട്ടായി ഹൈസ്‌കൂള്‍ ഒടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരൂര്‍: കൂട്ടായി ഹൈസ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കൂട്ടായി എംഎംഎം ഹൈസ്‌കൂളില്‍ നിലനില്‍ക്കുന്ന മാനേജ്‌മെന്റ് തര്‍ക്കം ഹൈസ്‌കൂളിന്റെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു.
പുതിയ മാനേജരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കുന്നതുവരെ സ്‌കൂള്‍ ഭരണം തിരൂര്‍ ഡിഇഒയെ ഏല്‍പ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. കുറേ കാലമായി സ്‌കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിലെ സഹോദരനും മറ്റുള്ളവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കോടതിയിലും വിഷയമെത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പ്രധാനധ്യാപകന്‍ വി വി സത്യന്‍ വിരമിച്ച ഒഴിവില്‍ സീനിയര്‍ അധ്യാപകരായ ഓമന, പ്രമീള, മീനാകുമാരി ഹെഡ്മാസ്റ്റര്‍ പരീക്ഷ പാസായ ജോസിനെയും തഴഞ്ഞ് കെ എസ് രാജേന്ദ്രന്‍ നായര്‍ക്ക് മാനേജര്‍ ചാര്‍ജ് നല്‍കിയത് തിരൂര്‍ എഇഒ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ല. എഇഒ ഏറ്റെടുത്തതിനാല്‍ ശമ്പളം താമസിയാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് അധ്യാപകര്‍.
പുതിയ പ്രധാനാധ്യാപകനെ നിയമിച്ചില്ലെങ്കില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാനും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ കാര്യങ്ങളിലും പ്രയാസമുണ്ടാവും.
തീരദേശത്തെ വലിയ വിഭാഗം വിദ്യാര്‍ഥികള്‍ പഠനത്തിനാശ്രയിക്കുന്ന കൂട്ടായി എംഎംഎം ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അവകാശികള്‍ തമ്മില്‍ തര്‍ക്കവും നിയമ പോരാട്ടവും ഉണ്ടായത് സ്‌കൂളിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സം സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലോടെ ആശങ്കകള്‍ക്ക് അറുതിയായി.

RELATED STORIES

Share it
Top