കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

തിരൂര്‍: കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ അറസ്റ്റുചെയ്തു. കൂട്ടായി കോതപറമ്പ് സ്വദേശികളായ മുന്നൂടിക്കല്‍ ഫസല്‍ (20), പുത്തനങ്ങാടി അജാസ് (21) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൂട്ടായി പള്ളിക്കുളത്തിനടുത്തുവച്ച് ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായവര്‍.
പ്രതികള്‍ കൂട്ടായി കോതറമ്പ് ബീച്ചിലെ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. ഇതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലിസ് പിന്തുടര്‍ന്ന് രണ്ടുപേരെ പിടികൂടി. മറ്റ് പ്രതികള്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ തിരൂര്‍ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കേസിലെ മുഖ്യപ്രതിയായ ഫസല്‍ തിരൂര്‍, കല്‍പകഞ്ചേരി സ്‌റ്റേഷനുകളിലായി അഞ്ച് അക്രമ ക്കേസുകളിലും മാല മോഷണം, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കേസുകളിലേയും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരെ  ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top