കൂട്ടബലാല്‍സംഗ, കൊല കേസില്‍ 19കാരന് വധശിക്ഷ

ഗുവാഹത്തി: അസമിലെ നാഗോണ്‍ ജില്ലയില്‍ 11കാരിയായ ബാലികയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതിയായ 19കാരന്‍ സാക്കിര്‍ ഹുസയ്‌ന് വധശിക്ഷ. കൊലപാതകത്തിനു പോക്‌സോ വകുപ്പ് പ്രകാരം വധശിക്ഷയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതിനു ജീവപര്യന്തം തടവുമാണ് ജില്ലാ സെഷന്‍സ് ജഡ്ജി റിതാ കര്‍ വിധിച്ചത്.
മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. ബാലികയെ അയല്‍വാസിയായ സാക്കിര്‍ ഹുസയ്‌നും സഹപാഠിയായ 12കാരനും പിതൃസഹോദര പുത്രനായ 11കാരനും ചേര്‍ന്നു മാറിമാറി ബലാല്‍സംഗം ചെയ്ത ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ബാലിക ചികില്‍സയിലിരിക്കെ മരിച്ചു.
ഹുസയ്‌ന് കോടതി വധശിക്ഷ നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത മറ്റു രണ്ടു പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കിയ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ ജുവൈനല്‍ ഹോമിലാണ്.
ഏപ്രിലില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ക്കൊപ്പം ഹുസയ്‌ന്റെ രക്ഷിതാക്കള്‍, സഹോദരന്‍, സഹോദരിയുടെ ഭര്‍ത്താവ്, അയല്‍വാസി എന്നിവര്‍ ഉള്‍പ്പെടെ മറ്റു അഞ്ചുപേര്‍ കൂടി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.

RELATED STORIES

Share it
Top