കൂട്ടപ്പാടി പാലം നാടിന് തുറന്നുകൊടുത്തു

എടക്കര: ചുങ്കത്തറയില്‍ കൂട്ടപ്പാടിയില്‍ പുന്നപ്പുഴക്ക് കുറുകെ നിര്‍മിച്ച പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. പി വി അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നബാര്‍ഡിന്റെ ആര്‍എഡിഎഫ് ഫണ്ടില്‍ നിന്നും ഏഴ് കോടിരൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ചുങ്കത്തറ, മൂത്തേടം, കരുളായി എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടും. 2015 മാര്‍ച്ചില്‍ അനുവദിച്ച പാലം 21 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല് സ്പാനുകളിലായുള്ള പാലത്തിന് പതിനൊന്നര മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവുമുണ്ട്. ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം നടപ്പാതയുമുണ്ട്. പുന്നപുഴക്ക് ഇരുകരകളിലുമായി പാലത്തിന് 500 മീറ്റര്‍ ദൂരത്തില്‍ സമീപനറോഡുകളും നിര്‍മിച്ചിട്ടുണ്ട്. ചുങ്കത്തറയില്‍ നിന്നും മൂത്തേടത്തേക്ക് ആറും കരുളായിയിലേക്ക് ഒമ്പത് കിലോമീറ്ററും യാത്രാ ദൂരം കുറയും. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ഹരീഷ് റിപോര്‍ട്ട് അവതരിപ്പിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി പി സുഗതന്‍, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സ്വപ്‌ന, പഞ്ചായത്തംഗങ്ങളായ മിനി അനില്‍കുമാര്‍, ജോണ്‍ മാത്യു, മാടമ്പറ അബൂബക്കര്‍, കോഴിക്കോടന്‍ ഷൗക്കത്ത്, സുധീര്‍ പുന്നപ്പാല, ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ സെബാസ്റ്റ്യന്‍, വിവിധ രാഷീയ കക്ഷി പ്രതിനിധികളായ ടി രവീന്ദ്രന്‍, പി വി ജേക്കബ്, പറമ്പില്‍ ബാവ, എം ഉമ്മര്‍, ഇസ്മായില്‍ എരഞ്ഞിക്കല്‍, ആലീസ് മാത്യു, ബാബു കട്ടയില്‍, സാബു പൊന്‍മേലില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹക്കിം ചങ്കരത്ത്, പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി കെ മിനി, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ഇബാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top