കൂടെ നിന്ന് ഫോട്ടോ എടുത്തതിന് പാര്‍ട്ടിക്കാരനാക്കി; ബിജെപിയില്‍ അംഗമായിട്ടില്ലെന്ന്് രണ്ടു പുരോഹിതന്‍മാര്‍

കോട്ടയം: അഞ്ച് വൈദികര്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന പ്രചരണം പൊളിഞ്ഞു. തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി ഫാ. മാത്യു മണവത്തും ജിതിന്‍ കുര്യാക്കോസ് മൈലക്കാടും രംഗത്തെത്തി. ബിജെപി കേരളയെന്ന ഔദ്യോഗിക ഫേസ്ബുക് പേജില്‍ കൊടുത്തിരിക്കുന്ന വിവരം വസ്തുതയല്ലെന്നും ബന്ധപ്പെട്ടവര്‍ ഇതു തിരുത്തണമെന്നും ഫാദര്‍ മാത്യു മണവത്ത് ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ബിജെപി പോസ്റ്റ് തിരുത്തി.
ഫാ. മാത്യു മണവത്ത് ഉള്‍പ്പെടെ അഞ്ചു വൈദികര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണു മാധ്യമങ്ങളെയും ബിജെപി അറിയിച്ചിരുന്നത്. താന്‍ പ്രവര്‍ത്തിക്കുന്നത് ആത്മീയരംഗത്തും വിദ്യാഭ്യാസ മേഖലയിലുമാണ്. രാഷ്ട്രീയം എന്റെ പ്രവര്‍ത്തന മേഖലയല്ല. ബിജെപിയുടെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ, കോണ്‍ഗ്രസ്സിന്റെയോ അംഗമാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാ. മാത്യു മണവത്ത് കുറിപ്പില്‍ സൂചിപ്പിക്കുന്നു. ജന്മനാട്ടിലെ ഒരു സഹോദരന്‍ സൗദിയില്‍ മരണപ്പെട്ടിരുന്നു. നിര്‍ധന കുടുംബമായ ആ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നുവെന്നതു സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ ബിജെപി അംഗമാകുമോയെന്നും വൈദികന്‍ കുറിപ്പില്‍ ചോദിക്കുന്നു. ഫാ. മാത്യു മണവത്ത് ശ്രീധരന്‍ പിള്ളയോടൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തെന്ന പ്രചാരണം നടത്തിയത്. എല്ലാ രാഷ്ടീയപ്പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്. ചിലരുമായി വ്യക്തിബന്ധമുണ്ട്. ആ നിലയില്‍ അല്‍ഫോന്‍സ് കണ്ണന്താനവുമായിട്ടും ബന്ധമുണ്ട് . അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായും വ്യക്തിബന്ധമുണ്ട്. ഫാ. മാത്യു മണവത്ത് ചൂണ്ടിക്കാട്ടി.
കോട്ടയത്ത് അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്നും കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഇവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചവെന്നുമായിരുന്നു പ്രചാരണം.
ബിജെപി പ്രചരിപ്പിക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കുക പോലും ചെയ്തിട്ടില്ലെന്ന് ഫാ.ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് പറഞ്ഞു.

RELATED STORIES

Share it
Top