കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം നീട്ടി നല്‍കണമെന്നാണ് സുപ്രിംകോടതിയില്‍ നല്‍കിയ  പുതിയ അപേക്ഷയില്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടക അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് ശേഷം അഞ്ചുദിവസം കൊണ്ട് പദ്ധതി തയ്യാറാക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വിധി നടപ്പിലാക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ണാടകം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവരുമായി കാവേരി ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പദ്ധതി രേഖ മെയ് മൂന്നിനുള്ളില്‍  തയ്യാറാക്കണമെന്ന് കേന്ദ്രത്തോട് ഈ മാസം ഒമ്പതിന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ അനാവശ്യമാണെന്നും കേന്ദ്രസര്‍ക്കാറിന്റെ അപേക്ഷയില്‍ കോടതി എന്തു നടപടിയാണ് എടുക്കുന്നതെന്നാണ് തങ്ങള്‍ നോക്കുന്നതെന്നും എഐഎഡിഎംകെ നേതാവ് ഒ എസ് മണിയന്‍ പറഞ്ഞു.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഫെബ്രുവരി 16ന് പുറപ്പെടുവിച്ച അന്തിമവിധി നടപ്പാക്കത്ത കേന്ദ്ര സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top