കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുല്‍സവത്തിന് കൊടിയേറിഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുല്‍സവത്തിന് കൊടിയേറി. കൊടിയേറ്റ കര്‍മത്തിന് തന്ത്രി നഗരമണ്ണ് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കൊടിയേറ്റത്തിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് ശ്രീകോവിലിന് മുമ്പില്‍ ആചാര്യവരണം നടന്നു. കൂറയും പവിത്രവും നല്‍ കുക എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങ് നടത്താന്‍ അര്‍ഹരായ തന്ത്രിയെ വസ്ത്രവും ദക്ഷിണയും നല്‍കി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ആദ്യകാലത്ത് ക്ഷേത്രാധികാരി എന്ന നിലയ്ക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധി തച്ചുടയ കൈമളാണ് കൂറയും പവിത്രവും നല്‍കാറുള്ളത്. തരണനെല്ലൂര്‍, അണിമംഗലം, നകരമണ്ണ് ഇല്ലത്തെ പ്രതിനിധികള്‍ക്ക് ഊരാള പ്രതിനിധിയായ കുളമണ്ണില്‍ നാരായണന്‍ മൂസത് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നടത്തി. ആചാര്യ വരണത്തിന് ശേഷം കൊടിയേറ്റത്തിനുള്ള ക്രിയകള്‍ ആരംഭിച്ചു. പുണ്യാഹം ചെയ്ത് ശുദ്ധികരിച്ച ദര്‍ഭകൊണ്ടുള്ള കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവയിലേയ്ക്ക് വാഹനത്തെയും ആവാഹിച്ച് പൂജിച്ചതിന് ശേഷം പാണികൊട്ടി കൊടിക്കൂറയും മറ്റും എടുത്തു പുറത്തേയ്ക്ക് വന്ന് കൊടിമരം പ്രദക്ഷിണം ചെയ്ത് പുണ്യാഹം തളിച്ച് ശുദ്ധികരിച്ച കൊടിമരത്തിന് പൂജ ചെയ്തു. തുടര്‍ന്ന് ദാനം, മുഹൂര്‍ത്തം ചെയ്തതിന് ശേഷം കൊടിയേറ്റ് നടത്തി. കൂടല്‍മാണിക്യം തിരുവുല്‍സവത്തോടനുബന്ധിച്ച് ശനിയാഴ്ച പുലര്‍ച്ചെ കലശകര്‍മങ്ങള്‍ നടന്നു. മണ്ഡപത്തില്‍ സ്ഥലശുദ്ധി ക്രിയകള്‍ ചെയ്ത് പത്മമിട്ട് ബ്രഹ്മകലശവും പരികലശങ്ങളും കുഭേശകര്‍ക്കരിയും പൂജിച്ച് അധിവാസ ഹോമവും നടത്തി. തുടര്‍ന്ന് ഹോമ സമ്പാതം കലശങ്ങളില്‍ സ്പര്‍ശിച്ച് കലശകര്‍മങ്ങള്‍ ആരംഭം കുറിച്ചു. നടുക്ക് അഷ്ടദളപത്മത്തില്‍ ബ്രഹ്മകലശവും ചുറ്റും എട്ട് ദളകലശങ്ങളും പുറത്ത് എട്ട് ഖണ്ഡങ്ങളാക്കി തിരിച്ച് ഓരോ ഖണ്ഡത്തിന്റെയും മധ്യത്തില്‍ ഖണ്ഡബ്രഹ്മകലശവും അതിന് ചുറ്റും ബ്രഹ്മകലശങ്ങളും പൂജിച്ച്, ബ്രഹ്മകലശത്തില്‍ നെയ്യും ദളകലശങ്ങളില്‍ കാഞ്ഞവെള്ളം, രത്‌നങ്ങള്‍, ഫലങ്ങള്‍, ലോഹങ്ങള്‍ ,മാര്‍ജ്ജനം, അഷ്ടഗന്ധം, അക്ഷതം, യവം ദ്രവ്യങ്ങളും ഖണ്ഡബ്രഹ്മകലശങ്ങളില്‍ പാദ്യം, അര്‍ഘ്യം, ആചമനീയം, പഞ്ചഗവ്യം, തൈര്, പാ ല്‍, തേന്‍, കഷായം ദ്രവ്യങ്ങളും വിഷ്ണ്വാദി ദേവതകളെ ആവാഹിച്ച് നിറച്ചു. പരികലശങ്ങളില്‍ ശുദ്ധജലം നിറച്ച് പൂജിച്ച് പല്‍മവാദികളെകൊണ്ട് അലങ്കരിക്കുന്നു. സ്വര്‍ണക്കുടത്തിലാണ് നെയ്യ് നിറച്ച് ബ്രഹ്മകലശമായി പൂജിക്കുന്നത്. എതൃത്ത പൂജ കഴിഞ്ഞാല്‍ ഉച്ചപൂജയ്ക്ക് സ്‌നാനത്തുള്ള സമയത്ത് കലശങ്ങളും കുംഭേശവും ദേവന് അഭിഷേകം ചെയ്ത് ഉച്ചപൂജ പൂര്‍ത്തിയാക്കി.

RELATED STORIES

Share it
Top