കൂടല്‍ക്കടവില്‍ കാട്ടാനശല്യം രൂക്ഷം;പൊറുതിമുട്ടി നാട്ടുകാര്‍മാനന്തവാടി: പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെയും മാനന്തവാടി നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ പയ്യംപള്ളി കൂടല്‍ക്കടവ് മേഖലയില്‍ കാട്ടാനശല്യം രൂക്ഷം പൊറുതിമുട്ടി പ്രദേശവാസികള്‍. നെയ്ക്കുപ്പ, കുറുവാദ്വീപ് വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നത്. ദാസനക്കര ഭാഗത്തുനിന്ന് പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടം നെല്‍വയലുകളില്‍ ഇറങ്ങി കൊയ്യാന്‍ പാകമായ നെല്ല് ചവിട്ടിമെതിച്ച് നശിപ്പിക്കുന്നത്. ചക്ക സീസണ്‍ ആയതോടെ തോട്ടങ്ങളിലും രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളുടെ വിളയാട്ടമാണ്. നെല്‍വയലുകളില്‍ നാട്ടുകാര്‍ കാവല്‍ നിന്നാണ് ആനകളെ തുരത്തുന്നത്. ഓടിച്ചു വിട്ടതിന് ശേഷം മണിക്കൂറുകള്‍ക്കകം ആനകള്‍ തിരിച്ച് കൃഷിയിടങ്ങളില്‍ എത്തുന്നതായി കര്‍ഷകര്‍ പറയുന്നു. ആനശല്യം രൂക്ഷമായതോടെ പ്രദേശത്ത് കര്‍ണാടക മോഡല്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയും പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുകയും റെയില്‍ ലൈന്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള സംഘം മണ്ണ് പരിശോധനയും നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടല്‍ക്കടവ് മുതല്‍ പാല്‍വെളിച്ചം വരെയുള്ള ആറു കിലോമീറ്റര്‍ ദൂരം റെയില്‍പാള വേലി സ്ഥാപിക്കാന്‍ 9 കോടി രൂപയുടെ പ്രൊജക്റ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. നബാര്‍ഡ് ഈ തുക അനുവദിക്കാമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, കിഫ്ബി വഴി പണം അനുവദിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പക്ഷേ, ഫയല്‍ ഇപ്പോഴും വനംവകുപ്പിലെ ഉന്നതന്റെ മേശപ്പുറത്ത് ഒരു വര്‍ഷത്തോളമായി വിശ്രമിക്കുകയാണ്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമാവട്ടെ, യഥാസമയം കിട്ടാറില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ആനശല്യം തടയാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വനംവകുപ്പ് ജീവനക്കാരെ തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top