കൂടത്തായിപ്പുഴയിലെ മാലിന്യ ടാങ്ക് പൊളിച്ചുമാറ്റാന്‍ ഉത്തരവ്

താമരശ്ശേരി: കൂടത്തായ് പാലത്തിനരികില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച അനധികൃത ടാങ്ക് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മാലിന്യ മൊഴുക്കാനാണ് ടാങ്ക് നിര്‍മിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ആരോഗ്യ വകുപ്പും ഗ്രാമപ്പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗവും നടത്തിയ അന്വേഷണത്തില്‍ നിര്‍മാണം അനധികൃതമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
നിര്‍മാണം പൊളിച്ചു നീക്കാത്ത പക്ഷം നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം കെ പ്രതാപന്‍, രമേശ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിച്ചത്. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവിലുള്ള ടാങ്കിന് കോണ്‍ക്രീറ്റ് മൂടിയും ഇട്ടിട്ടുണ്ട്. പൊന്തക്കാട് നിറഞ്ഞ ഭാഗത്ത് മണ്ണിനടിയിലായതിനാല്‍ ടാങ്ക് ഇതുവരെ ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മണ്ണ് നീങ്ങിയപ്പോഴാണ് ടാങ്ക് പുറത്തായത്. ഏകദേശം ഒരു മീറ്ററോളം ആഴത്തില്‍ ടാങ്ക് ദൃശ്യമാണ്. ബാത്ത് റൂമുകളില്‍ നിന്ന് പൈപ്പുകള്‍ ഘടിപ്പിച്ച് സ്ഥിരം സംവിധാനത്തിലാണ് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്.
മാലിന്യം പുഴയില്‍ നേരിട്ട് കലരുന്ന തരത്തിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. പാലത്തിന് താഴെ ഗ്രാമപഞ്ചായത്തിന്റെ രണ്ട് കുടിവെള്ള പദ്ധതികള്‍ ഉണ്ട്. ഇവയിലേക്കാണ് ഈ മാലിന്യം എത്തുന്നത്. താമരശ്ശേരി താലുക്ക് ആശുപത്രിയിലും സമീപത്തെ കടകളിലും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. കൂടത്തായ് പാലത്തില്‍ മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്ന് ഇത് തടയാന്‍ ഗ്രാമപഞ്ചായത്ത് പാലത്തില്‍ നെറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ഇതിനെയെല്ലാം വെല്ലുന്ന തരത്തില്‍ മാലിന്യം പുഴയില്‍ എത്തിക്കുന്നത്.

RELATED STORIES

Share it
Top